‘എന്താണ് മലബാർ കലാപം?’; മന്ത്രി ബിന്ദുവിന്റെ ചോദ്യത്തിന് മുന്നിൽ ‘പൂപ്പി’ പതറിയില്ല
text_fieldsതിരുവനന്തപുരം: ‘എന്താണ് മലബാർ കലാപം?’ ചേംബറിലെത്തിയ സ്‌പെഷൽ അതിഥിയോട് മന്ത്രി ഡോ. ആർ. ബിന്ദു ചോദിച്ചു. ഉടൻതന്നെ കൃത്യമായ മറുപടി എത്തി. ഇതുപോലെ ഉന്നതവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചും കേരള സർക്കാറിനെക്കുറിച്ചുമൊക്കെ മന്ത്രിയുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയത് മറ്റാരുമല്ല പൂപ്പി എന്ന എ.ഐ റോബോട്ട് അസിസ്‌റ്റൻറാണ്.
ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജ് നാലാം വർഷ ഐ.ടി വിദ്യാർഥിയും കോളജിനു കീഴിലെ ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷനിൽ (ടി.ബി.ഐ) രജിസ്‌റ്റർ ചെയ്‌ത റെഡ്‌ഫോക്‌സ് റോബോട്ടിക് എന്ന സ്‌റ്റാർട്ടപ് സംരംഭകനുമായ വിമുൻ ആണ് പൂപ്പിയുടെ നിർമാതാവ്. വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്ന റോബോട്ടായ പൂപ്പി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആശയവിനിമയവും നടത്തും. പൂപ്പി വികസിപ്പിച്ചെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും മന്ത്രി അഭിനന്ദനങ്ങൾ നേർന്നു.
ആംഗ്യഭാഷയെ ശബ്ദമാക്കി മാറ്റുന്ന ഉപകരണത്തോടെയാണ് വിമുനിന്‍റെ കണ്ടുപിടിത്തങ്ങളുടെ തുടക്കം. രണ്ട് ഏഷ്യാ ബുക്ക് ഒാഫ് റെക്കോർഡ്സും രണ്ട് ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സും സ്വന്തമായുള്ള വിമുൻ 44 ടെക്നിക്കൽ അവാർഡും നേടിയിട്ടുണ്ട്. അടുത്തിടെ ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു. ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജ് ഐ.ടി വിദ്യാർഥി ജിൻസോ രാജാണ് പൂപ്പിയുടെ രൂപകൽപനയിൽ വിമുനെ സഹായിച്ചത്. പ്രിൻസിപ്പൽ ഡോ.ജി. ഷൈനി, ഐ.ടി വിഭാഗം മേധാവി ഡോ. ഹരിപ്രിയ, അസി. പ്രഫസർമാരായ ഡോ.കെ.എസ്. വിജയാനന്ദ്, എസ്. സൂര്യപ്രിയ എന്നിവരും പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.