കൊതുക് നിയന്ത്രണത്തിന് പ്രോട്ടീന്‍; കാലിക്കറ്റിലെ ഗവേഷകർക്ക് പേറ്റന്റ്
text_fieldsഡോ. വി.എം. കണ്ണന്, എം. ദീപ്തി
തേഞ്ഞിപ്പലം: ജനിതക എന്‍ജിനീയറിങ് ഉപയോഗിച്ച് കൊതുകുകളുടെ കൂത്താടികളെ മാത്രമായി കൊല്ലുന്ന പെപ്റ്റൈഡ് (ചെറിയ പ്രോട്ടീന്‍) ഉൽപാദിപ്പിച്ച കാലിക്കറ്റിലെ ഗവേഷകര്‍ക്ക് പേറ്റന്റ്. ജന്തുശാസ്ത്ര പഠനവകുപ്പിലെ റിട്ട. പ്രഫസറും സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഇന്‍ മോളിക്യുലാര്‍ ബയോളജി സ്ഥാപകനുമായ ഡോ. വി.എം. കണ്ണനും ഗവേഷണ വിദ്യാര്‍ഥിനി എം. ദീപ്തിയും ചേര്‍ന്നാണ് ഇത് കണ്ടുപിടിച്ചത്. ട്രിപ്സിന്‍ മോഡുലേറ്റിങ് ഉസ്റ്റാറ്റിക് ഫാക്ടര്‍ (ടി.എം.ഒ.എഫ്) എന്നറിയപ്പെടുന്ന ഈ പെപ്റ്റൈഡിന്റെ ജീന്‍ ക്ലോണ്‍ ചെയ്ത് ബാക്ടീരിയയില്‍ പ്രവേശിപ്പിക്കുകയാണ് ആദ്യപടി. ബാക്ടീരിയ വളരുമ്പോള്‍ ടി.എം.ഒ.എഫ് ഉൽപാദിപ്പിക്കുന്നു. ഈ ബാക്ടീരിയയെ നിര്ജീവമാക്കിയശേഷം കൂത്താടികളുള്ള ജലാശയത്തിലേക്ക് ദ്രാവകരൂപത്തില്‍ തളിക്കാം. കൂത്താടികളുടെ ദഹനപ്രക്രിയയില്‍ ആഹാരത്തിലുള്ള പ്രോട്ടീനെ വിഘടിപ്പിച്ച് ആഗിരണം ചെയ്യാനാവശ്യമായ രാസാഗ്നിയാണ് ട്രിപ്സിന്‍. ടി.എം.ഒ.എഫ് പെപ്റ്റൈഡ് കൂത്താടിയിലെ റിസപ്റ്ററുമായി കൂടിച്ചേരുകയും ട്രിപ്സിന്‍ ഉൽപാദനം തടസ്സപ്പെടുകയും ചെയ്യും. കൂത്താടിയുടെ അന്നപഥത്തില്‍ മാത്രം പെപ്റ്റൈഡ് പ്രവര്‍ത്തനക്ഷമമാവുന്ന തരത്തിലാണ് ജനിതക എന്‍ജിനീയറിങ് നടത്തിയിരിക്കുന്നത്.
ട്രിപ്സിന്റെ അഭാവത്തില്‍ കൂത്താടിയിലെ പ്രോട്ടീന്‍ ദഹനം തടയപ്പെടുന്നതോടെ 48 മണിക്കൂറിനകം അവ നിര്‍ജീവമാകും. ഈ പ്രത്യേക റിസപ്റ്റര്‍ മറ്റു ജീവികളിലുള്ളതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍ ജലാശയങ്ങളിലെ മറ്റു ജീവികളെ ഇത് ബാധിക്കില്ല. മോളിക്യുലാര്‍ ബയോളജിയില്‍ അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് മിഷിഗനില്നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം പൂര്‍ത്തീകരിച്ച വ്യക്തിയാണ് ഡോ. കണ്ണന്.
കണ്ടുപിടിത്തത്തിന് അമേരിക്കന്‍ പേറ്റന്റ് ലഭിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. വ്യവസായികാടിസ്ഥാനത്തില്‍ ടി.എം.ഒ.എഫ് പെപ്റ്റൈഡ് ഉൽപാദിപ്പിക്കാന് താൽപര്യമുള്ള കമ്പനികളോ സ്റ്റാര്‍ട്ടപ്പുകളോ മുന്നോട്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.