'റാശിദ്' ആദ്യ സന്ദേശമയച്ചു; ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു തുടങ്ങി
text_fieldsദുബൈ: അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യ പേടകമായ യു.എ.ഇയുടെ 'റാശിദ്' റോവർ വിക്ഷേപണത്തിന് ശേഷം ആദ്യ സന്ദേശമയച്ചു. യു.എ.ഇ ബഹിരാകാശ കേന്ദ്രമായ ദുബൈ ഖവാനീജിലെ മുഹമ്മദ് ബിൻ റാശിദ് സ്പെയ്സ് സെൻറിലേക്കാണ് ആദ്യ സന്ദേശമെത്തിയതെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഭൗമോപരിതലത്തിൽ നിന്നും 4.4ലക്ഷം കി.മീറ്റർ ദൂരെ നിന്നാണ് സന്ദേശം എത്തിയതെന്നും പേടകത്തിന്‍റെ മുഴുവൻ സംവിധാനങ്ങളും ഉപകരണങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. അടുത്ത മാസങ്ങളിൽ ചന്ദ്രനിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനായി ചന്ദ്രനെറ ഭ്രമണപഥത്തിൽ പ്രവേശിച്ചു തുടങ്ങിയതായും ശൈഖ് മുഹമ്മദ് അറിയിച്ചു.
'റാശിദ്' കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.38ന് (യു.എ.ഇ സമയം) യു.എസിലെ േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപിച്ചത്. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകം 2023 ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേടകത്തിൽ നിന്ന് ആദ്യ സന്ദേശം പുറത്തുവന്നത് വചന്ദ്രനിൽ വിജയകരമായി എത്തുമെന്ന പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്.
ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്‍റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേരാണ് പേടകത്തിനിട്ടിരിക്കുന്നത്. ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമാത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.