റാഷിദ് ഉപഗ്രഹം: എഴുതിത്തള്ളാനാവാത്ത ശക്തിയായി അറബ് ലോകം
text_fieldsദുബൈ: ചരിത്രങ്ങൾ തിരുത്തിയെഴുതുകയാണ് അറബ് ലോകം. ലോകഭൂപടത്തിൽ അറബ് ലോകത്തിന്റെ പേരില്ലാതിരുന്ന ഓരോ ഭൂമികയിലും സ്വന്തം വിലാസം കുറിക്കുകയാണ് അറബുകൾ. ലോകകപ്പ് ഫുട്ബാൾ സെമിയുടെ ചരിത്രത്തിലേക്ക് ആദ്യമായി അറബ് രാജ്യം മാർച്ച് ചെയ്തതിന്റെ അലയൊലികൾ അടങ്ങുംമുമ്പാണ് അറബ് ലോകത്തിന്റെ ആദ്യ ചാന്ദ്രദൗത്യം േഫ്ലാറിഡയിൽനിന്ന് കുതിച്ചുയർന്നത്. അപരിഷ്കൃതരെന്നും എണ്ണയൂറ്റി ജീവിക്കുന്നവരെന്നും വിലയിരുത്തിയ ലോകത്തിന് മുന്നിലാണ് അറബുകൾ ഓരോന്നായി വെട്ടിപ്പിടിക്കുന്നത്. ബഹിരാകാശവും ചൊവ്വയും കടന്ന് അറബ് ലോകം ചന്ദ്രനിലേക്ക് യാത്രചെയ്യുമ്പോൾ ലോക രാജ്യങ്ങൾക്ക് മുന്നിൽ എഴുതിത്തള്ളാനാവാത്ത ശക്തിയായി അറബുകൾ മാറുന്നു.
ദീർഘവീക്ഷണത്തോടെ യു.എ.ഇ ഭരണാധികാരികൾ നടപ്പാക്കിയ നയങ്ങളുടെ ഫലമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. യു.എ.ഇയുടെ ചാന്ദ്ര ദൗത്യം ഇന്നോ ഇന്നലെയോ പ്രഖ്യാപിച്ചതല്ല, വർഷങ്ങൾക്കുമുമ്പേ അവർ സ്വപ്നംകണ്ടതാണ്. അതിലേക്കുള്ള പ്രയാണം എത്രയോ നാളുകൾക്കുമുമ്പ് തുടങ്ങിവെച്ചിരുന്നു. ഈ സ്വപ്നം ഇവിടെ അവസാനിക്കുന്നതല്ല. 2117ഓടെ ചൊവ്വയിൽ വാസയോഗ്യമായ ആദ്യത്തെ ഗ്രാമം നിർമിക്കുക എന്നതാണ് യു.എ.ഇ സ്വപ്നം കാണുന്നത്. അവിശ്വസനീയം എന്നു തോന്നുമെങ്കിലും അതിനായുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
2017 ഫെബ്രുവരിയിലാണ് ഈ ചരിത്രദൗത്യം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ്യാപിച്ചത്. ഇതിനായി ബഹിരാകാശശാസ്ത്രം, ഗവേഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, നൂതന ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ പ്രത്യേക ദേശീയ കേഡറുകളെ തയാറാക്കുന്നുണ്ട്. ചൊവ്വയിലേക്കുള്ള വേഗമേറിയ ഗതാഗത സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിലും വീടുകൾ നിർമിക്കുന്നതിലും ഊർജവും ഭക്ഷണവും ഉൽപാദിപ്പിക്കുന്നതിലും ഉൾപ്പെട്ടിരിക്കുന്ന ഗവേഷണ വിഷയങ്ങളുമായി ഈ പ്രോജക്ട് ബന്ധപ്പെട്ടിരിക്കുന്നു. ചൊവ്വയിലേക്കും തിരിച്ചും യാത്രചെയ്യുന്നതിനുള്ള വേഗമേറിയ ഗതാഗതമാർഗങ്ങൾ കണ്ടെത്താനും ശ്രമിക്കും. മെറ്റാവെർസുകളുടെ ലോകത്ത് പുതുചരിത്രം സൃഷ്ടിക്കാനും വരുംതലമുറക്ക് പുതിയ വിജ്ഞാനങ്ങള് പകര്ന്നുനല്കാനുമുള്ള യജ്ഞത്തിലാണ് യു.എ.ഇ.
ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണ വാഹനമെത്തിക്കാൻ യു.എ.ഇയെ സഹായിക്കുന്ന കരാറിൽ ചൈന ഒപ്പുവെച്ചിരുന്നു. യു.എ.ഇയുടെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രവും ചൈനയുടെ നാഷനൽ സ്പേസ് അഡ്മിനിസ്ട്രേഷനുമാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. ബഹിരാകാശരംഗത്തെ സഹകരണത്തിന് ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തുന്നത്. കരാർ യാഥാർഥ്യമാകുന്നതോടെ സ്വന്തമായി ലാൻഡർ നിർമിക്കേണ്ട ആവശ്യം വേണ്ടിവരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.