അവസാന സമയത്ത് ഭൂമിയുടെ ചിത്രം പകർത്തി പേടകം
text_fieldsദുബൈ: ആശയവിനിമയം മുറിഞ്ഞുപോകുന്നതിന് മുമ്പും ഭൂമിയുടെ ശ്രദ്ധേയമായ ചിത്രം പകർത്തി ‘റാശിദ്’ റോവർ വഹിക്കുന്ന ബഹിരാകാശ പേടകം ഹകുട്ടോ-ആർ മിഷൻ. ചന്ദ്രോപരിതലത്തിൽനിന്ന് 100കി.മീറ്റർ മാത്രം അകലെ നിന്നാണ് ചിത്രം പകർത്താനായത്. ചന്ദ്രന്റെ പ്രതലവും വിദൂരതയിൽ ഭൂമിയും കാണുന്ന ചിത്രം പേടകത്തിന്റെ ഉടമകളായ ഐസ്പേസ് കമ്പനി ട്വിറ്റർ വഴിയാണ് പുറത്തുവിട്ടത്.
കഴിഞ്ഞമാസം അവസാനത്തിലാണ് പേടകം ചന്ദ്രന്റെ ഭ്രമണപദത്തിൽ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങൾ പേടകം പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രനിൽ ഇറങ്ങുന്ന ഘട്ടം ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതായിരുന്നു.
ഈ ശ്രമത്തിനിടെയാണ് പുറത്തുവിട്ട ചിത്രം പകർത്തിയത്. ചന്ദ്രനിൽ ഇറങ്ങുന്ന ദൗത്യത്തിന് വിജയസാധ്യത 50 ശതമാനമായിരുന്നു കണക്കാക്കിയിരുന്നത്. ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് നേരിട്ട് ഇറങ്ങുന്നതിനുപകരം കുറഞ്ഞ ഊർജം ആവശ്യമായ പാതയിലൂടെയാണ് സഞ്ചരിച്ചത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിട്ടത്.
ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കാനാണ് പദ്ധതിയിട്ടത്. മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേര് നൽകപ്പെട്ട ‘റാശിദ്’ റോവർ കഴിഞ്ഞവർഷം ഡിസംബർ 11നാണ് യു.എസിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.