‘റാശിദ്’ തകർന്നിരിക്കാമെന്ന് അധികൃതർ
text_fieldsദുബൈ: യു.എ.ഇയുടെ ചാന്ദ്രദൗത്യ പേടകമായ റാശിദ് റോവർ തകർന്നിരിക്കാമെന്ന നിഗമനത്തിൽ അധികൃതർ. ചൊവ്വാഴ്ച രാത്രി ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ റാശിദ് റോവർ വഹിച്ചിരുന്ന ബഹിരാകാശ വാഹനമായ ‘ഹകുട്ടോ-ആർ മിഷനു’മായുള്ള ആശയവിനിമയം മുറിഞ്ഞുപോയിരുന്നു. ഇത് സംബന്ധിച്ച പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് ‘ഹകുട്ടോ’യുടെ ഉടമകളായ ജപ്പാന്റെ ഐസ്പേസ് കമ്പനി തകർന്നിരിക്കാമെന്ന നിഗമനം പങ്കുവെച്ചത്. എന്നാൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ബഹിരാകാശ വിദഗ്ധർ അന്വേഷണം തുടരുകയാണ്.
നിലവിൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി, ടോക്യോയിലെ നിഹോൻബാഷിയിലെ ഹകുട്ടോ-ആർ മിഷൻ കൺട്രോൾ സെന്ററാണ് തകർന്നിരിക്കാമെന്ന നിഗമനം പുറത്തുവിട്ടത്. ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ അവസാന നിമിഷങ്ങളിലാണ് ആശയവിനിമയം നഷ്ടമായിരിക്കുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആശയവിനിമയം നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് പേടകത്തിന്റെ വേഗത വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് ഇറങ്ങാനുള്ള ശ്രമത്തിനിടെ പേടകത്തിലെ ഇന്ധനം തീർന്നുവെന്നും സൂചനയുണ്ട്.
ഐസ്പേസിന്റെ ആദ്യ ചാന്ദ്രദൗത്യമാണ് ഹകുട്ടോ-ആർ മിഷൻ. യു.എ.ഇയുടെയും മറ്റു ചില രാജ്യങ്ങളുടെയും പേടകങ്ങൾ ഇത് വഹിച്ചിരുന്നു. യു.എ.ഇയുടെ ദീർഘകാല ചാന്ദ്ര പര്യവേക്ഷണ പരിപാടിക്ക് കീഴിലെ ആദ്യ ദൗത്യമായ റാശിദ് റോവർ പൂർണമായും ഇമാറാത്തി എൻജിനീയർമാർ നിർമിച്ചതാണ്. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ എൻജിനീയർമാർ ഇതിനകം രണ്ടാമത്തെ റോവറിന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്. അതേസമയം, ‘റാശിദി’ന്റെ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും ഐസ്പേസിന് നന്ദിയറിക്കുന്നതായും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
സ്വന്തമായ ഒരു പേടകം നിർമിക്കാനായതും ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന ആദ്യ അറബ് പേടകമായതിലും അഭിമാനമുണ്ടെന്ന് കേന്ദ്രം ഡയറക്ടർ ജനറൽ സലീം അൽ മർറി പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും ചാന്ദ്ര ദൗത്യത്തിന് യോജിച്ച ഒരു സംഘത്തെ രൂപപ്പെടുത്താൻ സാധിച്ചതും വലിയ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2017മുതൽ 11 ഇമാറാത്തി എൻജിനീയർമാർ പരിശ്രമിച്ചാണ് റോവർ നിർമിച്ചെടുത്തത്.
ചന്ദ്രോപരിതലത്തിലേക്ക് ദൗത്യം പൂർത്തിയാക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായി ചരിത്രം സൃഷ്ടിക്കാനാവുമെന്ന് ഐസ്പേസും പ്രതീക്ഷിച്ചിരുന്നു. ദൗത്യം വിജയിച്ചിരുന്നുവെങ്കിൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.