പറക്കാനൊരുങ്ങി വിസാറ്റ്, ശ്രീഹരിക്കോട്ടയിലേക്ക് യാത്രതിരിച്ചു
text_fieldsതിരുവനന്തപുരം: രാജ്യത്ത് ആദ്യമായി പൂർണമായി വനിതകൾ നിർമിച്ച ഉപഗ്രഹം വിക്ഷേപണത്തിനായി തലസ്ഥാനത്തുനിന്ന് ശ്രീഹരിക്കോട്ടയിലേക്ക് തിരിച്ചു. തിരുവനന്തപുരം പൂജപ്പുരയിലെ വനിത എൻജിനീയറിങ് കോളജിലെ (എല്.ബി.എസ്.ഐ.ടി.ഡബ്ല്യു) വിദ്യാർഥികൾ വി.എസ്.എസ്.സിയുടെ മേൽനോട്ടത്തിൽ തയാറാക്കിയ വിസാറ്റ് (വുമൺ എൻജിനീയറിങ് സാറ്റലൈറ്റ്) ഉപഗ്രഹമാണ് പി.എസ്.എൽ.വി സി-58 ന്റെ ചിറകിലേറി ജനുവരി ഒന്നിന് ബഹിരാകാശത്തേക്ക് കുതിക്കുക.
വിസാറ്റിന്റെ ഫ്ലാഗ് ഓഫ് കോളജ് പ്രിൻസിപ്പൽ ഡോ. ജെ. ജയമോഹൻ നിർവഹിച്ചു. ചൊവ്വാഴ്ച പുലർച്ച മൂന്നിന് കോളജിലെ അസി. പ്രഫസറും ഉപഗ്രഹത്തിനു പിന്നിലെ തലച്ചോറുമായ ഡോ. ലിസി ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഒന്നര കിലോ ഭാരമുള്ള കുഞ്ഞൻ ഉപഗ്രഹം റോഡ് മാർഗം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെത്തിക്കും.
കോളജിലെ സ്പേസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 43 പെൺകുട്ടികളും ഡോ. ലിസി ഏബ്രഹാമും ചേർന്നാണ് വിസാറ്റ് നിർമിച്ചത്. കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിൽ അൾട്രാ വയലറ്റ് വികിരണങ്ങളുടെ സ്വാധീനം നിരീക്ഷിക്കലാണ് വിസാറ്റിന്റെ ലക്ഷ്യം.
ഉപഗ്രഹത്തിൽ നിന്ന് ലഭിക്കുന്ന ഡേറ്റ അനുസരിച്ച് ബഹിരാകാശത്തെയും ഭൗമോപരിതലത്തിലെയും അൾട്രാവയലറ്റ് വികിരണങ്ങളുടെ തോത് അളക്കാനും ഇതുമൂലം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാനും സാധിക്കും. ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതിനുള്ള ഗ്രൗണ്ട് സ്റ്റേഷൻ കോളജ് കാമ്പസിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. അതും പ്രവർത്തനസജ്ജമായിക്കഴിഞ്ഞു.
സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന വിസാറ്റ് ഒരുവർഷം അൾട്രാവയലറ്റ് രശ്മികളെക്കുറിച്ച് പഠിക്കും. വിസാറ്റ് അടക്കം 10 ഉപഗ്രഹങ്ങളും പി.എസ്.എൽ.വി സി 58ൽ ഉണ്ടാകും. ഉപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനവുമായി (ഐ.എസ്.ആർ.ഒ) എൽ.ബി.എസ് കോളജ് ധാരണപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വി.എസ്.എസ്.സിയായിരുന്നു ഉപഗ്രഹത്തിന്റെ നിർമാണം.
തുടർന്ന്, ഐ.എസ്.ആർ.ഒയുടെ വിവിധ പരീക്ഷണങ്ങൾ പൂർത്തിയാക്കിയാണ് വിസാറ്റ് പറക്കാനൊരുങ്ങുന്നത്. 30 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. കേന്ദ്രസർക്കാറിന്റെയും സംസ്ഥാന സർക്കാറിന്റെയും സഹായത്തോടെ 24.4 ലക്ഷം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.