കാലാവധി കഴിഞ്ഞ ഉപഗ്രഹത്തെ ഭൂമിയിലേക്ക് തിരികെയെത്തിക്കും; ശ്രമകരമായ ദൗത്യവുമായി ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരു: ഡികമ്മീഷൻ ചെയ്ത ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹമായ മേഘ ട്രോപിക്-1നെ (എംടി1) ഭൂമിയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമകരമായ ദൗത്യവുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ). മാർച്ച് ഏഴിന് ശാന്തസമുദ്രത്തിലെ ജനവാസമില്ലാത്ത മേഖലയിലേക്കാണ് ഉപഗ്രഹത്തെ തിരികെയിറക്കുകയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കും കാലാവസ്ഥാ പഠനത്തിനുമായി ഐ.എസ്.ആർ.ഒയുടെയും ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസിന്റെയും സംയുക്ത ഉപഗ്രഹ സംരംഭമായി 2011 ഒക്ടോബർ 12 നാണ് എംടി1 വിക്ഷേപിച്ചത്. ഉപഗ്രഹ ദൗത്യം മൂന്ന് വർഷമായിരുന്നെങ്കിലും ഏകദേശം 1000 കിലോഗ്രാം ഭാരമുള്ള എംടി1 ഭ്രമണപഥത്തിൽ 10 വർഷത്തിലേറെയായി കാലാവസ്ഥാ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. 100 വർഷത്തിലേറെ ഓർബിറ്റൽ ലൈഫ് ഇതിന് കണക്കാക്കുന്നുണ്ട്.
125 കി.ഗ്രാം ഇന്ധനം എംടി1ൽ ശേഷിക്കുന്നുണ്ട്. നിയന്ത്രിതമായ തിരിച്ചിറക്കൽ നടത്താൻ ഈ ഇന്ധനം ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടൽ. വളരെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ കൊണ്ടുവന്നശേഷമായിരിക്കും തിരിച്ചിറക്കൽ നടത്തുക.
പസഫിക് സമുദ്രത്തിൽ 5 ഡിഗ്രി തെക്ക് മുതൽ 14 ഡിഗ്രി തെക്ക് അക്ഷാംശത്തിനും 119 ഡിഗ്രി പടിഞ്ഞാറ് മുതൽ 100 ഡിഗ്രി പടിഞ്ഞാറ് രേഖാംശത്തിനും ഇടയിലുള്ള ജനവാസമില്ലാത്ത പ്രദേശമാണ് എംടി1 ന്റെ റീ-എൻട്രി സോണായി തിരഞ്ഞെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.