പെട്ടിയെന്ന് കരുതി എടുത്തുയർത്തിയത് മനുഷ്യനെ; ചതച്ചു കൊന്ന് റോബോട്ട്
text_fieldsദക്ഷിണ കൊറിയയിൽ റോബോട്ട് മനുഷ്യനെ ദാരുണമായി കൊലപ്പെടുത്തി. ദക്ഷിണ ജിയോങ്‌സാങ് പ്രവിശ്യയിലെ കാർഷിക ഉൽപന്ന വിതരണ കേന്ദ്രത്തിൽ വെച്ച് ബുധനാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. റോബോട്ടിക്‌സ് കമ്പനി ജീവനക്കാരനായ യുവാവ് വ്യാവസായിക റോബോട്ടിന്റെ സെൻസർ പ്രവർത്തനങ്ങൾ പരിശോധിക്കുകയായിരുന്നു.
കുരുമുളക് നിറച്ച പെട്ടികൾ എടുത്ത് പാലറ്റുകളിലേക്ക് നീക്കിവെക്കുന്ന ഡ്യൂട്ടിയായിരുന്നു റോബോട്ടിന്. അത് ചെയ്തുകൊണ്ടിരിക്കെ, തകരാറിലായ ‘റോബോട്ട്’ പകരം അവിടെയുണ്ടായിരുന്ന 40 വയസ്സുകാരനായ ജീവനക്കാരനെ എടുത്തുയർത്തുകയായിരുന്നു. ബലിഷ്ഠമായ റോബോട്ടിക് കൈകൊണ്ട് ചതച്ചരക്കപ്പെട്ടാണ് യുവാവ് മരിച്ചതെന്ന് യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പച്ചക്കറി ബോക്സ് ആണെന്ന് കരുതി യുവാവിനെ എടുത്തുപൊക്കിയ റോബോട്ട് കൺവെയർ ബെൽറ്റിന് നേരെ ചേർത്ത് അമർത്തി, മുഖവും നെഞ്ചും തകർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി.
കുരുമുളക് സോർട്ടിങ് പ്ലാന്റിലെ പരീക്ഷണവുമായി ബന്ധപ്പെട്ട് ജീവനക്കാരൻ റോബോട്ടിന്റെ സെൻസറിൽ പരിശോധന നടത്തവേയായിരുന്നു സംഭവം. നവംബർ ആറിന് പരീക്ഷണം നടത്താൻ അദ്ദേഹം ആദ്യം പദ്ധതിയിട്ടിരുന്നു, എന്നാൽ റോബോട്ടിന്റെ സെൻസറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ രണ്ട് ദിവസം കഴിഞ്ഞ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന്, പ്ലാന്റിന്റെ ഉടമസ്ഥരായ ഡോങ്‌സിയോങ് എക്‌സ്‌പോർട്ട് അഗ്രികൾച്ചറൽ കോംപ്ലക്‌സിലെ ഒരു ഉദ്യോഗസ്ഥൻ "കൃത്യവും സുരക്ഷിതവുമായ" സംവിധാനം സ്ഥാപിക്കാൻ റോബോട്ടിക്സ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വർഷം മെയ് തുടക്കത്തിൽ, ദക്ഷിണ കൊറിയയിലെ ഒരു ഓട്ടോമൊബൈൽ പാർട്‌സ് നിർമ്മാണ പ്ലാന്റിൽ ജോലി ചെയ്യുന്നതിനിടെ റോബോട്ടിന്റെ പിടിയിൽ പെട്ട് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അമേരിക്കൻ ജേണൽ ഓഫ് ഇൻഡസ്ട്രിയൽ മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് 1992 നും 2017 നും ഇടയിൽ യുഎസിൽ വ്യാവസായിക റോബോട്ടുകൾ മൂലം കുറഞ്ഞത് 41 പേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.