റഷ്യയുടെ സ്‍പേസ് റോക്കറ്റിൽ ഇന്ത്യൻ പതാക മാത്രം; യു.എസ്, യു.കെ, ജപ്പാൻ പതാകകൾ മറച്ചു -VIDEO
text_fieldsഅങ്ങനെ ആദ്യമായി ഭൂമിയിലെ യുദ്ധത്തിന്റെ ആഘാതം ബഹിരാകാശത്തേക്കും വ്യാപിക്കുകയാണ്. യുക്രെയ്നിലെ അധിനിവേശത്തിൽ തങ്ങൾക്കുമേൽ യു.എസും യൂറോപ്യൻ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയാൽ അത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവർത്തനത്തിലെ സഹകരണം ഇല്ലാതാക്കുമെന്നും, നിലയത്തിന്‍റെ നിയന്ത്രണം നഷ്ടമായാൽ ഭൂമിയിൽ പതിച്ച് ദുരന്തമുണ്ടാകുന്നതിനും കാരണമാകുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതിന് പിന്നാലെ, തങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റിൽ നിന്ന് ബഹിരാകാശ പരിപാടിയിൽ പങ്കെടുക്കുന്ന ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും പതാകൾ റഷ്യ നീക്കം ചെയ്തു. ബൈകോനൂർ വിക്ഷേപണ കേന്ദ്രത്തിൽ വെച്ച് റോക്കറ്റിൽ പതിച്ചിരുന്ന യു.എസ്, യു.കെ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പതാകകൾ മറയ്ക്കുന്ന ദൃശ്യവും പങ്കുവെച്ചിട്ടുണ്ട്. റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്‍റെ ഡയറക്ടർ ജനറൽ ദിമിത്രി റോഗോസിനാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇന്ത്യയുടെ പതാക മാത്രം തൽസ്ഥാനത്ത് തുടരുന്നുണ്ട്.
"ചില രാജ്യങ്ങളുടെ പതാകകൾ ഇല്ലെങ്കിൽ, ഞങ്ങളുടെ റോക്കറ്റ് കൂടുതൽ മനോഹരമായി കാണപ്പെടുമെന്ന് ബൈകോനൂരിലെ വിക്ഷേപകർ തീരുമാനിച്ചു". -വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട്, റോഗോസിൻ റഷ്യൻ ഭാഷയിൽ കുറിച്ചു. ബൈക്കോനൂർ ലോഞ്ച് പാഡിലെ വിക്ഷേപകർ സോയൂസ് റോക്കറ്റിലെ പതാകകളിൽ വൈറ്റ് വിനൈൽ ഒട്ടിക്കുന്നതും അവയെ പൂർണ്ണമായും മറയ്ക്കുന്നതും വീഡിയോയിൽ കാണാം.
വൺവെബ് പദ്ധതിക്ക് കീഴിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 36 ഉപഗ്രഹങ്ങളാണ് സോയൂസ് റോക്കറ്റിലുള്ളത്. 648 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്, അവയിൽ 428 എണ്ണം ഇതിനകം വിക്ഷേപിച്ചു, അവയെല്ലാം സോയൂസ് വാഹനം ഉപയോഗിക്കുന്നു. ഭാരതി എയർടെൽ ഗ്രൂപ്പും യുകെ സർക്കാരുമാണ് പദ്ധതിയുടെ ഉടമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.