യു.എ.ഇയിൽ സമുദ്രനിരീക്ഷണത്തിന് എ.ഐയും സാറ്റലൈറ്റുമായി ‘സാറ്റ്ഗേറ്റ്’ പദ്ധതി
text_fieldsദുബൈ: കപ്പൽ ട്രാക്കിങ് മെച്ചപ്പെടുത്തുക, കടൽ സ്ഥിതിഗതികൾ നിരീക്ഷിക്കുക, കാലാവസ്ഥ പ്രവചനം നടത്തുക എന്നിവക്ക് സാറ്റലൈറ്റ്, നിർമിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ച് യു.എ.ഇ. ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും സഹകരിച്ചാണ് ‘സാറ്റ്ഗേറ്റ് പ്രോജക്ട്’ എന്നുപേരിട്ട പദ്ധതി നടപ്പിലാക്കുന്നത്. ആഗോള നാവിക കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ പദവി ഉയർത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി രൂപപ്പെടുത്തിയത്.
രാജ്യത്തെ തുറമുഖങ്ങളിൽ എത്തുന്ന കപ്പലുകളുടെ ഡാറ്റാബേസ് വികസിപ്പിക്കാനും ഓൺബോർഡ് ട്രാക്കിങ് ഉപകരണങ്ങളില്ലാതെതന്നെ കപ്പലുകൾ ട്രാക്ക് ചെയ്ത് സമുദ്ര സുരക്ഷ വർധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. സമുദ്ര സുരക്ഷയെ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രാക്കിങ് മെച്ചപ്പെടുത്തുന്നത് സമുദ്ര ഗതാഗതം വർധിപ്പിക്കുകയും അപകടസാധ്യതകൾ ലഘൂകരിക്കുകയും ചെയ്യും. ഇത് യു.എ.ഇ തുറമുഖങ്ങളിലൂടെയുള്ള വ്യാപാരവും ഗതാഗതവും വർധിപ്പിക്കുന്നതിന് സഹായിക്കും. സമുദ്രമേഖലയിലെ നൂതനാശയങ്ങൾ സമ്പദ്വ്യവസ്ഥക്ക് ഗുണം ചെയ്യുക മാത്രമല്ല, സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ സുസ്ഥിരമായ വികസനം കൈവരിക്കാൻ സഹായിക്കുകയും ചെയ്യും -മന്ത്രി കൂട്ടിച്ചേർത്തു.
കപ്പൽ ട്രാക്കിങ്ങിന്റെ കാര്യക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥയും സമുദ്ര സാഹചര്യങ്ങളും നിരീക്ഷിക്കുന്നതിനും സാറ്റലൈറ്റ് സാങ്കേതികവിദ്യയും നിർമിതബുദ്ധിയും പ്രയോജനപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ചെയർമാൻ ഹമദ് ഉബൈദ് അൽ മൻസൂരിയും പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.