കരൾ മാറ്റിവയ്ക്കാൻ റോബോട്ടിക് ശസ്ത്രക്രിയ; അപൂർവ നേട്ടം സ്വന്തമാക്കി റിയാദിലെ കിങ് ഫൈസൽ ആശുപത്രി
text_fieldsറിയാദ്: ലോകത്ത് ആദ്യമായി റോബോട്ടിന്റെ സഹായത്തോടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി ആൻഡ് റിസർച്ച് സെൻറർ. വളരെ അപൂർവമായി നടന്ന സമ്പൂർണ റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാണ് ഇത്. ഇതോടെ അഭൂതപൂർവമായ ഒരു മെഡിക്കൽ നേട്ടത്തിന് കൂടിയാണ് കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി അർഹമായിരിക്കുന്നത്.
കരൾ രോഗബാധിതനായ 60 വയസുള്ള സൗദി പൗരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഈ ഗുണപരമായ നേട്ടം ലോകമെമ്പാടുമുള്ള രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് ശസ്ത്രക്രിയ സംഘം തലവനും ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സെൻറർ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രഫ. ഡയറ്റർ ബ്രൂറിങ് പറഞ്ഞു.
ആരോഗ്യസേവനത്തിൽ നൂതനസാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കിങ് ഫൈസൽ ആശുപത്രി നടത്തുന്ന ശ്രമങ്ങളുടെ വിജയമാണെന്നും ഇത് ചരിത്രപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ശേഷിയും പ്രയോജനപ്പെടുത്തുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ നൽകുന്ന മേഖലയിലെ ഓരോ രോഗിക്കും അനുയോജ്യമായ തെരഞ്ഞെടുപ്പായി മാറുന്നതിനുമുള്ള കിങ് ഫൈസൽ ആശുപത്രിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടത്തെ കാണേണ്ടത്.
ലോകത്തെ ഏറ്റവും പ്രമുഖമായ ആശുപത്രികളിൽ ഒന്നാണ് കിങ് ഫൈസൽ ആശുപത്രി ആൻഡ് റിസർച്ച് സെൻറർ. 2023 ലെ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ പട്ടികയിൽ അടുത്തിടെ 20ാം സ്ഥാനവും പശ്ചിമേഷ്യയിലെ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.