സൗദി അറേബ്യയുടെ ആദ്യ ജലവിമാനം പറന്നുയർന്നു
text_fieldsറിയാദ്: സൗദി ടൂറിസത്തിന്റെ നാഴികക്കല്ലായ ചെങ്കടൽ ദ്വീപ് റിസോർട്ടുകളിലേക്ക് അതിഥികളെ എത്തിക്കുന്നതിനായുള്ള ‘റെഡ്സീ സീ പ്ലെയിൻ’ പദ്ധതിക്കു കീഴിൽ ആദ്യ ജലവിമാനം പറന്നുയർന്നു. അതിഥികളും സൗദി മന്ത്രിമാരും നേതാക്കളുമടങ്ങുന്ന ഒരു വി.ഐ.പി പ്രതിനിധി സംഘത്തെയും വഹിച്ചുള്ള ആദ്യ വിമാനം തബൂക്ക് മേഖലയിലെ ഹനാക്കിലുള്ള റെഡ് സീ ഇന്റർനാഷനൽ വിമാനത്താവളത്തിൽനിന്നും യാത്ര തിരിച്ചതോടെയാണ് ജലവിമാന യാത്രക്ക് തുടക്കമായത്.
പദ്ധതിക്ക് കീഴിൽ നിലവിൽ നാല് ‘സെസ്ന കാരവൻ 208’ സീ പ്ലെയിനുകളുണ്ട്. ഓരോ വിമാനത്തിനും ഒരു പൈലറ്റിനെയും ആറ് മുതൽ ഒമ്പത് വരെ അതിഥികളെയും അവരുടെ ലഗേജിനെയും വഹിക്കാൻ ശേഷിയുണ്ട്. ഹനാക്കിലുള്ള റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടാണ് ഈ ജലവിമാനങ്ങളുടെ ഹോം ബേസ് വിമാനത്താവളം. അവിടെ പ്രധാന ടെർമിനലിന് സമാന്തരമായി ഒരു പ്രത്യേക സീപ്ലെയിൻ റൺവേ വേറെ സ്ഥാപിച്ചിട്ടുണ്ട്. ജലവിമാന പദ്ധതിയിൽ വലിയ നിക്ഷേപമാണ് നടത്തിയതെന്ന് അമാല റെഡ് സീ ഗ്ലോബൽ ഗ്രൂപ്പ് സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു.
ഏവിയേഷൻ വ്യവസായത്തിന്റെ കാർബൺ കാൽപാടുകൾ കുറക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ പര്യവേക്ഷണംചെയ്യുകയും സൗദി ജനങ്ങൾക്ക് നൈപുണ്യമുള്ളതും പ്രതിഫലദായകവുമായ തൊഴിൽ അവസരങ്ങൾ ഒരുക്കുകയുംചെയ്യുന്ന ഒരു കമ്പനി സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 2028ഓടെ ഒമ്പതായും 2030ഓടെ 20 ആയും ജലവിമാനങ്ങളുടെ എണ്ണം വർധിപ്പിക്കും. 2030ൽ റെഡ് സീ പദ്ധതി പൂർത്തിയാകുമ്പോൾ 22 ദ്വീപുകളിൽ 50 റിസോർട്ടുകൾ, ആറ് ഉൾനാടൻ സൈറ്റുകളിലുമായി 8,000 വരെ ഹോട്ടൽ മുറികൾ, 1,000ത്തിലധികം മറ്റു താമസസൗകര്യങ്ങൾ എന്നിവ ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.