ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ സൗദി-ഇന്ത്യ സഹകരണം; ധാരണപത്രം ഒപ്പിട്ടു
text_fieldsയാംബു: ഡിജിറ്റൽ സമ്പദ്വ്യവസ്ഥ സംബന്ധിച്ച് സൗദി അറേബ്യയും ഇന്ത്യയും സഹകരിക്കുന്നു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഇന്നവേഷൻ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും വളർന്നുവരുന്ന സാങ്കേതിക വിദ്യയിൽ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് ഇരു രാജ്യങ്ങളും ധാരണയിലായത്.
സൗദി വിവരവിനിമയ-വിവരസാങ്കേതിക വിദ്യ മന്ത്രി എൻജി. അബ്ദുല്ല അൽസ്വാഹയും ഇന്ത്യൻ റെയിൽവേ-കമ്യൂണിക്കേഷൻസ്-ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവുമാണ് ബംഗളൂരുവിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.
സാങ്കേതിക വിദ്യയുടെയും നവീകരണത്തിന്റെയും ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയിലും നിക്ഷേപത്തിനുള്ള ആകർഷകമായ ലക്ഷ്യസ്ഥാനമെന്ന നിലയിലും സൗദി അറേബ്യ സ്വന്തം പങ്ക് ശക്തിപ്പെടുത്താൻ ഇന്ത്യയുമായി ധാരണയായതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കാനും സാങ്കേതിക മേഖലയിൽ വൻ വികാസം പ്രാപിക്കാനും ഇന്ത്യയുമായുള്ള കരാറിലൂടെ സൗദി ഉന്നമിടുന്നു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ വികാസം പ്രോത്സാഹിപ്പിക്കുന്ന മേഖലയിലും നൂതന സാങ്കേതികവിദ്യയിലും ഉഭയകക്ഷി സഹകരണം വമ്പിച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ സന്ദർശന വേളയിൽ സൗദി മന്ത്രി എൻജി. അബ്ദുല്ല അൽസ്വാഹ ജപ്പാൻ സഹമന്ത്രി കൊനോ ടാരോയുമായി കൂടിക്കാഴ്ച നടത്തുകയും ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, നവീകരണം, നിക്ഷേപ അവസരങ്ങൾ എന്നിവയിലെ പരസ്പര സഹകരണം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ഡിജിറ്റൽ രംഗത്തെ സഹകരണത്തോടൊപ്പം ഇ-ലേണിങ്, ഇ-ഹെൽത്ത് മേഖലയിലും സഹകരണം വർധിപ്പിക്കാനും ഗവേഷണം, ഡിജിറ്റൽ ഇന്നവേഷൻ, എമർജിങ് സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിലും സഹകരണം ശക്തമാക്കാനും പരസ്പര കരാറിലൂടെ ലക്ഷ്യമിടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.