ഇന്ത്യയുടെ ശാസ്ത്രോപകരണങ്ങൾ വില കുറഞ്ഞതും നൂതനവും, എന്തുകൊണ്ട് യു.എസിന് നൽകുന്നില്ല; നാസാ വിദഗ്ധരുടെ ചോദ്യത്തെ കുറിച്ച് എസ്. സോമനാഥ്
text_fieldsരാമേശ്വരം: ചന്ദ്രയാൻ 3 പേടകത്തിന്‍റെ തയാറെടുപ്പുകൾ വിലയിരുത്തിയ അമേരിക്കൻ ശാസ്ത്രജ്ഞർ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചതായും സാങ്കേതികവിദ്യ പങ്കിടാൻ ആവശ്യപ്പെട്ടതായും ചെയർമാൻ എസ്. സോമനാഥ്. രാമേശ്വരത്ത് ഡോ. എ.പി.ജെ അബ്ദുൽ കലാം ഫൗണ്ടേഷൻ സംഘടിപ്പിച്ച കലാമിന്‍റെ 92-ാം ജന്മദിന വാർഷികത്തിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ശക്തമായ രാജ്യമാണ്. നമ്മുടെ അറിവും ബുദ്ധിയും ലോകത്തിലെ ഏറ്റവും മികവുറ്റതാണ്. ചന്ദ്രയാൻ 3 പേടകം രൂപകൽപന ചെയ്തപ്പോൾ നാസയിലെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിൽ നിന്ന് വിദഗ്ധരെ ക്ഷണിച്ചിരുന്നു. ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തിയ ആറോളം വിദഗ്ധരോട് ചന്ദ്രയാൻ 3നെ കുറിച്ച് വിവരിച്ചു. ആഗസ്റ്റ് 23ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ പേടകം സോഫ്റ്റ് ലാൻഡിങ് നടക്കുന്നത് മുമ്പായിരുന്നു ഇത്.
ഐ.എസ്.ആർ.ഒ എജിനീയർമാർ പേടകം എങ്ങനെ നിർമിച്ചെന്നും ഏത് വിധത്തിലാണ് സോഫ്റ്റ് ലാൻഡിങ് എന്നും വിശദീകരിച്ചു. മികച്ച പ്രവർത്തനമെന്നാണ് നാസയിലെ വിദഗ്ധർ പ്രതികരിച്ചത്. ശാസ്ത്രോപകരണങ്ങൾ വളരെ വിലകുറഞ്ഞതും നൂതനവും വളരെ എളുപ്പത്തിൽ നിർമിക്കാൻ സാധിക്കുന്നതുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഉപകരണങ്ങൾ എങ്ങനെയാണ് നിർമിച്ചതെന്നും എന്തു കൊണ്ടാണ് ഇത് അമേരിക്കക്ക് നൽക്കാത്തതെന്നും വിദഗ്ധർ ചോദിച്ചു.
മികച്ച ഉപകരണങ്ങളും മികച്ച റോക്കറ്റുകളും നിർമ്മിക്കാൻ ഇന്ത്യ പ്രാപ്തരാണ്. എല്ലാവരും റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമിക്കുക വഴി ബഹിരാകാശ സാങ്കേതികവിദ്യയിൽ നമ്മുടെ രാജ്യം കൂടുതൽ ശക്തിപ്പെടും. ഐ.എസ്.ആർ.ഒക്ക് മാത്രമല്ല എല്ലാവരും ബഹിരാകാശം കീഴടക്കണമെന്നും എസ്. സോമനാഥ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.