ഇന്ത്യയുടെ 'സ്റ്റിയറിങ് ലേഡി' വി.എസ്.എസ്.സിയുടെ പടിയിറങ്ങുന്നു
text_fieldsതിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ വാഹനങ്ങൾക്ക് വഴികാണിച്ച വി.എസ്.എസ്.സി സ്‌പേസ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം പ്രോഗ്രാമർ ഡയറക്ടർ ഡോ. എസ്. ഗീത വിരമിക്കുന്നു. ജി.എസ്.എൽ.വിയും പി.എസ്.എൽ.വിയുമടക്കം സുപ്രധാന വിക്ഷേപണങ്ങൾക്ക് റൂട്ട് മാപ് നിശ്ചയിച്ച ഈ 'സ്റ്റിയറിങ് ലേഡി' 45 വിക്ഷേപണദൗത്യങ്ങളിൽ കൈയൊപ്പ് ചാർത്തിയാണ് മേയ് 31ന് പടിയിറങ്ങുക.
വി.എസ്.എസ്.സിയുടെ ആദ്യ വനിത പ്രോഗ്രാം ഡയറക്ടറായ ഗീത, തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് എം.ടെക്കിൽ ഒന്നാം റാങ്ക് നേടിയാണ് 1989ൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1993ൽ പി.എസ്.എൽ.വി ഡി വൺ ആയിരുന്നു ആദ്യ പ്രോജക്ട്. ഡോ.ജി. മാധവൻ നായരായിരുന്നു പ്രോജക്ട് ഡയറക്ടർ. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ കൊണ്ടുപോകേണ്ട ലോഞ്ചിങ് വെഹിക്കിളിെൻറ ഓട്ടോ പൈലറ്റ് ഡിസൈൻ തയാറാക്കുകയായിരുന്നു ചുമതല. പക്ഷേ ഏവരെയും ഞെട്ടിച്ച് അവസാന നിമിഷം വിക്ഷേപണ വാഹനം ബംഗാൾ ഉൾക്കടലിൽ അഗ്നിഗോളമായി നിലംപൊത്തി.
പരാജയത്തിൽ തളർന്നിരിക്കാൻ ഗീതയിലെ പോരാളി തയാറായിരുന്നില്ല. തെറ്റുകൾ തിരുത്തി വിക്ഷേപണ വാഹനം വീണ്ടും ഗീത ചൂണ്ടിക്കാട്ടിയ വഴിയേ പറന്നു.അവിടുന്നങ്ങോട്ട് ഈ തിരുവനന്തപുരം പനവിള സ്വദേശി നിശ്ചയിച്ച പാതകളിലൂടെയായിരുന്നു ഇന്ത്യയുടെ ബഹിരാകാശ കുതിപ്പുകളെല്ലാം. ഭൂരിഭാഗവും അമേരിക്കയെയും റഷ്യയെയും പോലുള്ള ലോകശക്തികളെപ്പോലും അമ്പരിപ്പിച്ച ചരിത്രങ്ങളാണ്. 2017ൽ ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചതാണ് ശ്രമകരമായ ദൗത്യം. നിശ്ചിത സമയമെടുത്താണ് ഓരോ ഉപഗ്രഹവും നിശ്ചിത ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്നത്. കണക്ക് പിഴച്ചാൽ അവ കൂട്ടിയിടിക്കും. 104ാമത്തെ ഉപഗ്രഹവും വിക്ഷേപിക്കുന്നതുവരെ ശ്വാസംവിട്ടിട്ടില്ലെന്ന് ഗീത പറയുന്നു.
പി.എസ്.എൽ.വിയുടെ 31ഉം ജി.എസ്.എൽ.വിയുടെ ഒമ്പതും വിക്ഷേപണദൗത്യങ്ങളിൽ ദൗത്യരൂപകൽപന ഗീതയുടേതായിരുന്നു. ജി.എസ്.എൽ.വി മാർക്ക് ത്രീ, ആർ.എൽ.വി-ടി.ഡി, പി.എസ്.എൽ.വി എന്നിവയുടെ ഡിജിറ്റൽ ഓട്ടോപൈലറ്റ് സംവിധാനത്തിെൻറ രൂപകൽപനയിലും വികസനത്തിലും തന്ത്രപ്രധാന പങ്ക് വഹിച്ചു.
മികച്ച വനിത എൻജിനീയർക്കുള്ള സുമൻ ശർമ പുരസ്‌കാരം, 2018ൽ മികച്ച ശാസ്ത്രജ്ഞക്കുള്ള പുരസ്‌കാരം, 2018ൽ ഐ.എസ്.ആർ.ഒ മെറിറ്റ് അവാർഡ് എന്നിവ ഗീതയെ തേടിയെത്തി. വി.എസ്.എസ്.സി മുൻ ഗ്രൂപ് ഡയറക്ടർ വിജയമോഹനകുമാറാണ് ഭർത്താവ്. ന്യൂയോർക്ക് ഫിലിം അക്കാദമി മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് വിദ്യാർഥി വിനീത മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.