നാലു പേർകൂടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടു
text_fieldsന്യൂയോർക്: സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ നാലു പേർകൂടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടു. യു.എസ് പൗരി ജാസ്മിൻ മൊഗ്ബെലി, ഡെന്മാർക് പൗരൻ ആൻഡ്രിയാസ് മോഗെൻസെൻ, ജപ്പാനിൽനിന്നുള്ള സതോഷി ഫുരുകാവ, റഷ്യയിൽനിന്നുള്ള കോൺസ്റ്റാന്റിൻ ബോറിസോവ് എന്നിവരാണ് പുറപ്പെട്ടത്.
ഫാൽക്കൺ9 റോക്കറ്റിലേറിയാണ് സ്പേസ് എക്സ് പേടകം പറന്നുയർന്നത്. ഏതാണ്ട് 30 മണിക്കൂർ ആണ് യാത്രാ സമയം. ശനിയാഴ്ച പുലർച്ച റോക്കറ്റ് വിക്ഷേപണം കാണാൻ ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ 10,000ത്തോളം പേർ ഒത്തുകൂടിയിരുന്നു. ആറുമാസം സംഘം ബഹിരാകാശത്ത് പരീക്ഷണ, ഗവേഷണങ്ങളിൽ ഏർപ്പെടും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ അറ്റകുറ്റപ്പണികളും സംഘം ഏറ്റെടുക്കും.
നമ്മുടെ മനോഹരമായ ഗ്രഹത്തിലേക്ക് തിരിഞ്ഞുനോക്കുന്നതാണ് തന്നെ ആവേശഭരിതയാക്കുന്നതെന്ന് 40കാരിയായ ജാസ്മിൻ മൊഗ്ബെലി പ്രതികരിച്ചു. യു.എ.ഇ പൗരൻ സുൽത്താൻ അൽ നിയാദി, നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവർ സെപ്റ്റംബർ ഒന്നിന് ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിലേക്ക് തിരിക്കും.
മാർച്ച് മൂന്നിനാണ് അറബ് ലോകത്ത് നിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദി ഉൾപ്പെടുന്ന സംഘം ബഹിരാകാശ നിലയത്തിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.