‘ബഹിരാകാശത്ത് പയർ മുളക്കുന്നു, ഇലകൾ തളിർക്കുന്നു’; ടൈംലാപ്സുമായി ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരു: ബഹിരാകാശത്ത് പയർ വളരുന്നതിന്‍റെ ടൈംലാപ്സുമായി ഐ.എസ്.ആർ.ഒ. സ്പെയ്ഡെക്സ് ദൗത്യത്തിന്‍റെ ഭാഗമായി പോയെം-4ൽ ബഹിരാകാശത്തേക്ക് അയച്ച പയർ വിത്തുകൾ മുളക്കുന്നതിന്‍റെയും ഇലകൾ വിരിയുന്നതിന്‍റെയും 48 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോയാണ് ഐ.എസ്.ആർ.ഒ എക്സിലൂടെ പുറത്തുവിട്ടത്.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുക എന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടായാണ് ഐ.എസ്.ആര്.ഒയുടെ സ്പെയ്ഡെക്സ് പേടകം ഡിസംബർ 30ന് വിജയകരമായി വിക്ഷേപിച്ചത്. സ്പെയ്ഡെക്സ് ബഹിരാകാശത്തെത്തി നാലു ദിവസത്തിനുള്ളിലാണ് പോയെം (പി.എസ്.എൽ.വി-സി ഓർബിറ്റൽ എക്സിപിരിമെന്‍റ് മോഡ്യൂൾ) പേലോഡിലെ പയർ വിത്തുകൾ മുളച്ചത്.
താപനിലയും മറ്റും നിയന്ത്രിച്ച ക്രോപ്സ് പേലോഡിലെ ബോക്സിൽ എട്ട് വെള്ള പയർ വിത്തുകൾ ഉണ്ടായിരുന്നു. മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങളിൽ സസ്യം വളർത്തുന്നത് സംബന്ധിച്ച കോംപാക്ട് റിസർവ് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാന്‍റ് സ്റ്റഡീസ് (CROPS) ഉപയോഗപ്പെടുത്തിയാണ് വിത്തുകൾ മുളപ്പിച്ചത്.
സസ്യത്തിന്‍റെ വളർച്ച നിരീക്ഷിക്കാനുള്ള ഹൈഡെഫിനിഷൻ കാമറകൾ, ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ് ലെവലുകൾ അറിയാനുള്ള സെൻസറുകൾ, ഹ്യുമിഡിറ്റി ഡിറ്റക്ടറുകൾ, താപനില നിരീക്ഷിക്കുന്ന സംവിധാനം, മണ്ണിന്‍റെ നനവ് അളക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ പേലോഡിൽ സജ്ജീകരിച്ചിരുന്നു. മൈക്രോ ഗ്രാവിറ്റി അന്തരീക്ഷത്തിൽ വിത്ത് മുളക്കുന്നതും സസ്യത്തിന്‍റെ അതിജീവനവും സംബന്ധിച്ച ഗവേഷണങ്ങൾക്കുള്ള ക്രോപ്സ് പേലോഡ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വി.എസ്.എസ്.സി) ആണ് വികസിപ്പിച്ചത്.
സ്പെയ്ഡെക്സ് ദൗത്യത്തിന്‍റെ ഭാഗമായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറക്കുന്ന ഡോക്കിങ് പുരോഗമിക്കുന്നതായി ഐ.എസ്.ആര്.ഒ ഇന്ന് അറിയിച്ചിരുന്നു. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളുടെ അകലമാണ് കുറച്ചത്. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 1.5 കിലോമീറ്ററിലേക്കാണ് എത്തിച്ചത്.
ഇത് 500 മീറ്ററിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഇരു ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് നടത്തുന്നതിനെ കുറിച്ച് ഐ.എസ്.ആർ.ഒയുടെ അറിയിപ്പ് വൈകാതെ ഉണ്ടാകും.
നിലവിൽ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവ തമ്മിൽ അകലം കുറച്ചു കൊണ്ടു വന്നശേഷം രണ്ട് ഉപഗ്രഹങ്ങളും കൂട്ടിയോജിപ്പിക്കുക (ഡോക്കിങ്). ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം അവയെ വേര്‍പെടുത്തുന്ന പ്രക്രിയയായ അണ് ഡോക്കിങ് നടത്തും. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടു വര്‍ഷത്തോളം ബഹിരാകാശത്ത് പ്രവര്‍ത്തിക്കും.
ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളാണ് സ്പെയ്ഡെക്സിൽ ഉള്ളത്. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍ കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (POEM) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.