ആകാശത്തെ നക്ഷത്രം
text_fieldsവീണ്ടുമൊരു ബഹിരാകാശ ദൗത്യത്തിനൊരുങ്ങുകയാണ് 59കാരിയായ സുനിത വില്യംസ്. 12 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാംദൗത്യം. രണ്ടു ദൗത്യങ്ങളിലും നിരവധി റെക്കോഡുകൾ കുറിച്ചായിരുന്നു സുനിത വില്യംസിന്റെ മടക്കം
ആരാകണം എന്ന ചോദ്യത്തിന് പലരുടെയും ഉത്തരങ്ങളിലൊന്നായിരിക്കും ഡോ. സുനിത വില്യംസ് എന്ന ബഹിരാകാശ യാത്രിക. ബഹിരാകാശത്തേക്ക് നാസ തിരഞ്ഞെടുത്ത, കൽപന ചൗളക്ക് ശേഷമുള്ള രണ്ടാമത്തെ വനിത. വീണ്ടുമൊരു ബഹിരാകാശ ദൗത്യത്തിനൊരുങ്ങുകയാണ് 59കാരിയായ സുനിത വില്യംസ്. 12 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാംദൗത്യം.
രണ്ടുദൗത്യങ്ങളിലും നിരവധി റെക്കോഡുകൾ കുറിച്ചായിരുന്നു സുനിത വില്യംസിന്റെ മടക്കം. കുട്ടിയായിരിക്കുമ്പോൾ ഒരിക്കൽ പോലും ഒരു ബഹിരാകാശ യാത്രികയാകുമെന്ന് സുനിത വില്യംസ് സ്വപ്നം കണ്ടിരുന്നില്ല. അപ്രതീക്ഷിതമായി തന്റെ മുന്നിലേക്ക് കടന്നുവന്ന അവസരങ്ങളെ തന്റെ സ്വന്തമാക്കുകയായിരുന്നു അവർ. ആകാശം സ്വപ്നം കാണുന്നവർക്കായി, നക്ഷത്രങ്ങളെ സ്നേഹിക്കുന്നവർക്കായി സുനിത വില്യംസിന്റെ ബഹിരാകാശ യാത്രകളെ, അവരുടെ നേട്ടങ്ങളെ കുറിച്ചിടുകയാണ് ഇവിടെ.
‘സ്വന്തം വീട് ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേക്ക് അവർ ചേക്കേറിയത് ഞാൻ ചെയ്ത കാര്യങ്ങളേക്കാൾ എത്രയോ ധൈര്യമുള്ളതായി തോന്നുന്നു’ -ഡോ. സുനിത വില്യംസ്
ഒരു ബഹിരാകാശ യാത്രികയാകുന്നതിന്റെ സാഹസികതയെ എങ്ങനെ നോക്കിക്കാണുന്നുവെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. സ്വന്തം നാടുവിട്ട് അമേരിക്കയിൽ കുടിയേറ്റക്കാരായി ജീവിക്കുന്ന മാതാപിതാക്കളുടെ അനുഭവങ്ങളുമായി താരതമ്യം ചെയ്തായിരുന്നു അവരുടെ മറുപടി.
*******
നാസ ബഹിരാകാശ യാത്രിക. യുനൈറ്റഡ് സ്റ്റേറ്റ്സ് നേവി ഓഫിസർ. ഫ്ലൈറ്റ് എൻജിനീയർ, കമാൻഡർ എന്നീ നിലകളിൽ രണ്ടുതവണ അന്താരാഷ്ട്ര ബഹിരാകാശ യാത്ര നടത്തി. നിരവധി റെക്കോഡുകൾ സ്വന്തം പേരിനോട് ചേർത്തുവെച്ചു. ഇപ്പോൾ മൂന്നാം യാത്രക്കൊരുങ്ങുന്നു. ബോയിങ് -സി.എസ്.ടി -100 സ്റ്റാർലൈനറിലാണ് സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്ര.
1965 സെപ്റ്റംബർ 19ന് അമേരിക്കയിലെ ഓഹ്യോയിലായിരുന്നു സുനിതയുടെ ജനനം. പിതാവ് ഇന്ത്യക്കാരനായ ദീപക് പാണ്ഡ്യ. അമേരിക്കൻ-സ്ലൊവേനിയക്കാരിയായ ബോണിയാണ് മാതാവ്. ഗുജറാത്തിലെ ന്യൂറോ സയന്റിസ്റ്റായിരുന്നു പിതാവ്. മാതാവ് എക്സ്റേ ടെക്നീഷ്യനും. 11ാമത്തെ വയസ്സിൽ ബോണി സ്ലൊവേനിയയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറി. ദീപക് പാണ്ഡ്യയുടെയും ബോണിയുടെയും മൂന്നുമക്കളിൽ ഏറ്റവും ഇളയവളാണ് സുനിത.
മൃഗങ്ങളോടും പക്ഷികളോടും പ്രകൃതിയോടുമുള്ള അടുപ്പം മൂലം ചെറുപ്പത്തിൽ ഒരു വെറ്ററിനറിയൻ ആകാനായിരുന്നു സുനിതയുടെ ആഗ്രഹം. മാതാപിതാക്കൾ മെഡിക്കൽ രംഗത്തുള്ളവരായതിനാൽ വീടിന്റെ ചുമരുകളിൽനിറയെ തലച്ചോറിന്റെ ചിത്രങ്ങളായിരുന്നു. മസാചൂസറ്റ്സിലെ നീധാം ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1983ൽ ബിരുദം പൂർത്തിയാക്കി. പിന്നീട് സഹോദരന്റെ നിർദേശത്തെ തുടർന്ന് യു.എസ് നേവൽ അക്കാദമിയിൽ ചേർന്നു.
1987ൽ ഫിസിക്കൽ സയൻസിൽ ബി.എസ് സി ബിരുദം നേടിയതിനുശേഷം യു.എസ് നേവൽ അക്കാദമിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഏവിയേറ്റർ പരിശീലനം നേടുകയും 1989ൽ കോംപാക്ട് ഹെലികോപ്ടർ ട്രെയിനിങ് പൂർത്തിയാക്കുകയും ചെയ്തു. 1992ൽ ഫ്ലോറിഡ -മിയാമിയിലുണ്ടായ ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മിലിറ്ററി യൂനിറ്റ് ഓഫിസർ ഇൻ ചാർജായി പ്രവർത്തിച്ചു.
1993ൽ സുനിത ഒരു ടെസ്റ്റ് പൈലറ്റും ടെസ്റ്റ് പൈലറ്റ് ഇൻസ്ട്രക്ടറുമായി. 1995ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മാസ്റ്റേഴ്സ് ഇൻ എൻജിനീയറിങ് മാനേജ്മെന്റും പൂർത്തിയാക്കി. തുടർന്ന് യു.എസിലെ യുദ്ധക്കപ്പലായ യു.എസ്.എസ് സായ്പാനിലെ എയർക്രാഫ്റ്റ് ഹാൻഡ്ലറും അസിസ്റ്റന്റ് എയർ ബോസും ആയി. ഇതിനിടെയാണ് നാസയുടെ ബഹിരാകാശ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിനോടകം 30ലധികം വിവിധ എയർക്രാഫ്റ്റുകളിൽ 3000 മണിക്കൂറുകൾ സുനിത തികച്ചു.
*******
1998 ആഗസ്റ്റിൽ ജോൺസൺ സ്പേസ് സെന്ററിൽ സുനിത പരിശീലനം ആരംഭിച്ചു. അമേരിക്കയിലും റഷ്യയിലും ഉൾപ്പെടെ അവർ പരിശീലനം തുടർന്നു. 2002ൽ സുനിത വില്യംസ് നാസയുടെ നീമോ 2 ന്റെ ദൗത്യത്തിൽ അംഗമായി. സമുദ്രാടിത്തട്ടിലെ ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു നീമോ 2. മേയ് 13 മുതൽ 20 വരെ ഒമ്പതു ദിവസം അവർ സമുദ്രാടിത്തട്ടിൽ ചെലവഴിച്ചു.
*******
2006 ഡിസംബർ 9നായിരുന്നു സുനിതയുടെ ആദ്യ ബഹിരാകാശ യാത്ര. എസ്.ടി.എസ് -116 ന്റെ ക്രൂവിലൊരാളായിരുന്നു. ഒരു പൈലറ്റ് എന്ന നിലയിലെ അനുഭവ സമ്പത്തും പ്രവൃത്തി പരിചയവുമായിരുന്നു സുനിത വില്യംസിനെ ഈ നേട്ടത്തിലെത്തിക്കാൻ സഹായിച്ചത്. ആദ്യ അന്താരാഷ്ട്ര ബഹിരാകാശ യാത്രയിൽ സ്പേസ് സ്റ്റേഷൻ നിർമാണത്തിലായിരുന്നു സുനിത വില്യംസ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്.
195 ദിവസമായിരുന്നു ആദ്യ ദൗത്യത്തിൽ സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചത്. ഇതിനിടെ നാല് ബഹിരാകാശ നടത്തവും ഇവർ പൂർത്തിയാക്കി. 29 മണിക്കൂറും 17 മിനിറ്റുമായിരുന്നു സുനിതയുടെ ബഹിരാകാശ നടത്തം. ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നിലയത്തിൽ ചെലവിട്ട വനിത എന്ന റെക്കോഡും ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തത്തിലേർപ്പെട്ട വ്യക്തിയെന്ന റെക്കോഡും അന്ന് സുനിത വില്യംസ് സ്വന്തമാക്കിയിരുന്നു.
ബഹിരാകാശ നിലയത്തിൽവെച്ച് ട്രെഡ്മിൽ വഴി ബോസ്റ്റൺ മാരത്തണിലും സുനിത പങ്കെടുത്തു. 42.2 കിലോമീറ്ററാണ് പൂർത്തിയാക്കിയത്. 2007 ജൂൺ 22ന് എസ്.ടി.എസ് 117 മിഷൻ ക്രൂവിനൊപ്പം സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്തി.
*******
2012 ജൂലൈ 14 മുതൽ നവംബർ 18 വരെയായിരുന്നു സുനിത വില്യംസിന്റെ രണ്ടാം ബഹിരാകാശ ദൗത്യം. സോയൂസ് ടി.എം.എ -05 എം സ്പേസ് ഫ്ലൈറ്റിലായിരുന്നു യാത്ര. ഈ യാത്രയിലും നിരവധി റെക്കോഡുകൾ കുറിച്ചായിരുന്നു സുനിതയുടെ മടക്കം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കമാൻഡറാകുന്ന രണ്ടാമത്തെ വനിത എന്ന റെക്കോഡുമിട്ടു സുനിത. ഇതിനിടെ മൂന്ന് ബഹിരാകാശ നടത്തവും പൂർത്തിയാക്കി. ഇതിൽ അവർ റെക്കോഡ് ഇടുകയും ചെയ്തു.
രണ്ട് യാത്രകളിലുമായി 322 ദിവസം ബഹിരാകാശത്ത് സുനിത വില്യംസ് ചെലവിട്ടു. 2015 ജൂലൈയിൽ ഒമ്പത് ബഹിരാകാശ യാത്രികരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ യു.എസ് കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാമിൽ ഒരാളായി സുനിത തിരഞ്ഞെടുക്കപ്പെട്ടു.
സുനിതയുടെ സ്പേസ് സ്റ്റേഷൻ ടൂർ
അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ സ് പേസ് സ്റ്റേഷൻ എന്നും കൗതുകം ഉണ്ടാക്കുന്ന ഒന്നാണ്. ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എപ്പോഴും സഞ്ചാരികളുണ്ടാവും. അവിടത്തെ പരീക്ഷണങ്ങളും പഠനവും ഒന്നും ഓർത്തില്ലെങ്കിലും അവിടെയുള്ള ആളുകൾ എങ്ങനെ ഭക്ഷണം കഴിക്കും, കുളിക്കും, ഉറങ്ങും, ടോയ്ലറ്റിൽ പോകും എന്നൊക്കെ ചിന്തിച്ചുകാണും.
ഇങ്ങനെ ചിന്തിക്കുന്നവർക്ക് ഉത്തരവുമായി സുനിത വില്യംസ് തന്നെ ഒരിക്കൽ എത്തിയിരുന്നു. സ് പേസ് സ്റ്റേഷനിലൂടെ നടന്ന് ഓരോ കാര്യങ്ങളും ചെയ്യുന്നത് വിശദമായ വിഡിയോ രൂപത്തിൽതന്നെ അവർ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തു. നമ്മളെപ്പോലെ മടിപിടിച്ച് കളയാനൊന്നും സ് പേസ് സ്റ്റേഷനിലുള്ളവർക്ക് സമയമില്ല. തിരക്കുപിടിച്ച ജീവിതമാണ് ബഹിരാകാശ നിലയത്തിൽ.
12 മണിക്കൂർ ജോലി. ജോലിക്കും ഭക്ഷണത്തിനും വിനോദങ്ങൾക്കും വ്യായാമത്തിനും ഉറക്കത്തിനും പ്രഭാതകൃത്യങ്ങൾക്കുമെല്ലാം കൃത്യമായ ടൈംടേബിൾ. പല്ലുതേപ്പ് ഇവിടത്തെപ്പോലെ ബഹിരാകാശത്തുമുണ്ട്, പക്ഷേ കുളിയില്ല. പല്ലുതേച്ചുകഴിഞ്ഞാൽ അത് ഇറക്കിക്കളയുകയാണ് അവർ ചെയ്യുക. അതിനനുസരിച്ചുള്ള പദാർഥങ്ങളാണ് ഉപയോഗിക്കുക. അഥവാ തുപ്പിക്കളഞ്ഞാൽ അത് വായുവിലൂടെ പാറിനടക്കും.
ബഹിരാകാശ നിലയത്തിൽവെച്ച് ശരീരത്തിലേക്ക് വെള്ളമൊഴിച്ചാൽ അത് ഗോളാകൃതിയിൽ പാറിനടക്കുകയേ ചെയ്യൂ. അതുകൊണ്ട് അവിടെ കുളിയില്ല. പ്രത്യേകതരം സോപ്പ് കലർത്തിയ തുണി വെള്ളത്തിൽ മുക്കി ശരീരം തുടക്കുകയാണ് ഇവർ ചെയ്യാറ്. വസ്ത്രങ്ങൾ അലക്കുന്ന പരിപാടിയും ഇല്ല. ഒരുപാടുനാൾ ഒരേ വസ്ത്രം ഉപയോഗിക്കുകയാണ് ഇവർ ചെയ്യുക. അതിനുശേഷം ഇവ നിലയത്തിൽ ശേഖരിച്ചുവെച്ച് ഭൂമിയിലേക്ക് മടങ്ങുന്ന സഞ്ചാരികളുടെ കൈയിൽ കൊടുത്തുവിടും.
ഇവിടെ മൂന്നുനേരവും ഭക്ഷണമുണ്ട്. പക്ഷേ അടുക്കളയൊന്നുമില്ല. കേടുവരാത്ത രീതിയിൽ തയാറാക്കി ഭൂമിയിൽനിന്നെത്തിക്കുന്ന പ്രത്യേകതരം ഭക്ഷണമാണ് കഴിക്കുക. വായുമർദം ഉപയോഗപ്പെടുത്തി വിസർജ്യം വലിച്ചെടുക്കുന്ന ടോയ്ലറ്റുകളാണ് ബഹിരാകാശ നിലയത്തിൽ തയാറാക്കിയിരിക്കുന്നത്. ഇവ ഭൂമിയിലേക്ക് മടങ്ങുന്ന സഞ്ചാരികൾ നീക്കം ചെയ്യും. സക്കിങ് പൈപ്പുകൾ വഴിയാണ് മൂത്രം ഒഴിവാക്കുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒരു ദിവസം 16 തവണ ഭൂമിയെ ചുറ്റും. അതായത് എന്നും 16 സൂര്യോദയങ്ങളും 16 അസ്തമയങ്ങളും നിലയത്തിൽനിന്ന് കാണാം. പ്രത്യേകതരം പെട്ടിയിൽ കിടന്നാണ് ഇവിടെ ഉറക്കം. ബെൽറ്റിട്ട് സ്ലീപ്പിങ് ബാഗുകളിൽ കയറിനിന്നും ഇവിടെ ഉറങ്ങാറുണ്ട്. സുനിതയുടെ ഈ വിഡിയോക്ക് കാഴ്ചക്കാർ ഏറെയായിരുന്നു.
പുരസ്കാരങ്ങൾ
- നേവി കമന്റേഷൻ മെഡൽ
- നേവി ആൻഡ് മറൈൻ കോപ്സ് അച്ചീവ്മെന്റ് മെഡൽ
- ഹ്യൂമാനിറ്റേറിയൻ സർവിസ് മെഡൽ
- നാസ സ്പേസ് ഫ്ലൈറ്റ് മെഡൽ
- മെഡൽ ഫോർ മെറിറ്റ് ഇൻ സ്പേസ് എക്സ് പ്ലൊറേഷൻ, ഗവ. ഓഫ് റഷ്യ
- പത്മഭൂഷൺ
- ഓണററി ഡോക്ടറേറ്റ്, ഗുജറാത്ത് ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി
- ഗോൾഡൻ ഓഡർ ഓഫ് മെറിറ്റ്സ്, ഗവ. ഓഫ് സ്ലൊവേനിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.