ഭക്ഷണത്തിൽ ഉപ്പ് കുറച്ചാൽ ഹൃദയ സംബന്ധിയായ അസുഖങ്ങൾ 20 ശതമാനം കുറയുമെന്ന് പഠനം
text_fieldsഭക്ഷണത്തിൽ ക്രമത്തിൽ കൂടുതൽ ഉപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഉടൻ തന്നെ ഉപ്പിന്‍റെ അളവ് കുറച്ചോളൂ! പുതിയ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ ഉപ്പ് ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് നമ്മുടെ ഹൃദയാരോഗ്യത്തിന് നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. ഭക്ഷണത്തിൽ നിയന്ത്രിതമായ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് നമ്മുടെ ജീവിത ശൈലിയുടെ ഭാഗമാണെങ്കിലും പുതിയ പഠനം വിരൽചൂണ്ടുന്നത് ഹൃദയത്തിന്‍റെ കാര്യത്തിൽ നല്ല സൂചനകളല്ല. ഉപ്പ് ചേർക്കാത്ത ഭക്ഷണക്രമം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ഹൃദയാഘാതത്തിനും ഉള്ള സാധ്യത ഏകദേശം 20 ശതമാനം കുറയ്ക്കുമെന്ന് പഠനം പറയുന്നു.
ദി ഗാർഡിയൻ ആണ് പഠനം സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭക്ഷണത്തിൽ ഉപ്പ് ചേർക്കാത്തവരിൽ എപ്പോഴും ഉപ്പ് ചേർക്കുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗമായ ഏട്രിയൽ ഫൈബ്രിലേഷൻ (എ.എഫ്) ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ഹൃദയത്തിന്‍റെ ക്രമ രഹിതമായ മിടിപ്പ് മൂലമുണ്ടാകുന്ന അസുഖമാണ് ഏട്രിയൽ ഫൈബ്രിലേഷൻ. ഇത് രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയമിടിപ്പ്, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ രക്തം കട്ടപിടിച്ച് രോഗിയിൽ സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഈ ഹൃദ്രോഗം കണ്ടെത്തിയവരുടെ എണ്ണം ആഗോളതലത്തിൽ കഴിഞ്ഞ ദശകത്തിൽ 50 ശതമാനം വർധിച്ച് 1.5 ദശലക്ഷമായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
2006 മുതൽ 2010 വരെ യു.കെയിൽ 40 നും 70 നും ഇടയിൽ പ്രായമുള്ള 5,00,000ത്തിലധികം ആളുകൾ ഉൾപ്പെട്ട ബയോബാങ്കിൽ നിന്നുള്ള ഡാറ്റയാണ് പഠനം നടത്താനായി തിരഞ്ഞെടുത്തത്. ഇതിനകം എ.എഫ്, കൊറോണറി ആർട്ടറി രോഗം, ഹൃദയസ്തംഭനം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയാൽ ബുദ്ധിമുട്ടുന്നവരെ ഒഴിവാക്കിയാണ് പഠനം നടത്തിയതെന്ന് ഗവേഷകർ പറയുന്നു.പഠനത്തിനായി പൂർണ ആരോഗ്യവാനായ ആളുകളെ തിരഞ്ഞെടുത്തു. അവരോട് ഉപ്പ് ചേർത്ത ഭക്ഷണം കഴിക്കുന്ന രീതികൾ മനസ്സിലാക്കിയശേഷം 11 വർഷക്കാലം അവരെ സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കിയാണ് പഠനം നടത്തിയത്. ഈ പഠന കാലയളവിൽ ഇവരെ ഉപ്പിന്‍റെ ഉപയോഗം എത്രത്തോളം ബാധിച്ചു എന്ന് മനസ്സിലാക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. കൂടാതെ ഭക്ഷണത്തിൽ ഒരിക്കലും ഉപ്പിടാത്തവർക്ക് എ.എഫ് ബാധിക്കാനുള്ള സാധ്യത 18 ശതമാനം കുറവാണെന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നു. കൂടാതെ ഭക്ഷണത്തിൽ ഉപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന ആളുകൾക്ക് രോഗാവസ്ഥയിൽ നിന്നും രക്ഷപ്പെടാനുള്ള സാധ്യത 15 ശതമാനം കുറവാണെന്നും ഗവേഷണ സംഘം കണ്ടെത്തി. കൂടാതെ മിതമായ അളവിൽ ഉപ്പ് ചേർക്കുന്നത് എ.എഫ് ബാധിക്കാനുള്ള സാധ്യത 12 ശതമാനമാണെന്നും പഠനം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.