സുനിത വില്യംസ് റിട്ടേൺ
text_fieldsലോകം, അതിനുമപ്പുറം ഇന്ത്യ ഒരാളുടെ മടങ്ങിവരവിനായി ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ടാവില്ല. നീണ്ട ഒമ്പതുമാസത്തിലേറെക്കാലം അന്താരാഷ്ട്ര ബഹിരാകാശത്തിൽ ചെലവഴിച്ച് സുനിത വില്യംസ് തന്റെ ക്രൂവിനൊപ്പം തിരികെ ഭൂമിയിലേക്കെത്തിയിരിക്കുന്നു. ഏറെ ചർച്ചകൾക്ക് വഴിവെച്ചതാണ് സുനിതാ വില്ല്യംസിന്റെ ഈ യാത്ര. നാസാ ദൗത്യത്തെക്കുറിച്ചും പേടകത്തിന്റെ സാങ്കേതിക തകരാറുകളെക്കുറിച്ചും എന്നുവേണ്ട പലപ്പോഴും ഗൂഢാലോചനാ സിദ്ധാന്തങ്ങളെക്കുറിച്ചുവരെ ചർച്ചകൾ നടന്നു. ഒടുവിൽ എല്ലാ ചർച്ചകളും അവസാനിപ്പിച്ച് സുനിത ഭൂമിയെത്തൊട്ടു.
സുനിത വില്ല്യംസ്
1965 സെപ്റ്റംബർ 19ന് ഓഹിയോവിലെ യൂക്ലിഡിലാണ് സുനിത വില്യംസിന്റെ ജനനം. ഇന്ത്യൻ വംശജൻ ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയൻ വംശജയായ ബോണിയുടെയും മകളാണ് സുനിത. കൽപ്പന ചൗളക്കുശേഷം ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജ. മസാച്യുസെറ്റ്സിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ സുനിത 1987ൽ ഫിസിക്കൽ സയൻസിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദവും 1995ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മാസ്റ്റർ ഓഫ് സയൻസ് ബിരുദവും കരസ്ഥമാക്കി. 1987ലാണ് സുനിത വില്യംസ് യുനൈറ്റഡ് സ്റ്റേറ്റ്സ് നേവിയിൽ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1998ലാണ് അവർ നാസയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയിലും റഷ്യയിലുമായി പരിശീലനം നേടിയ അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ബഹിരകാശത്ത് ഏറ്റവും കൂടുതൽ തവണ നടന്ന വനിത എന്ന ബഹുമതിയും സുനിതയുടെ പേരിലുണ്ട്.
2006ല്‍ സ്പേസ് ഷട്ടില്‍ ഡിസ്കവറിയില്‍ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് യാത്ര ചെയ്താണ് സുനിത തന്റെ ആദ്യ ബഹിരാകാശ യാത്രക്ക് തുടക്കമിടുന്നത്. ഇതിനിടെ നിരവധി റെക്കോഡുകളും അവർ സ്വന്തമാക്കി. സ്പേസ് സ്റ്റേഷനിലെ ട്രെഡ്മില്ലില് ബോസ്റ്റണ്‍ മാരത്തണില്‍ പങ്കെടുത്ത് ബഹിരാകാശത്ത് മാരത്തണ്‍ ഓടുന്ന ആദ്യ വ്യക്തിയായി സുനിത ചരിത്രംകുറിച്ചു. ബഹിരാകാശ നടത്തങ്ങളിലും സുനിത റെക്കോഡിട്ടിട്ടുണ്ട്.
ഡ്രാഗൺ പേടകം
284 ദിവസത്തെ ആകാശവാസത്തിനുശേഷം സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ഭൂമിയിലേക്കെത്തിയത് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ക്രൂ-9ലായിരുന്നു. ക്രൂ-9 പേടകത്തിൽ സുനിതക്കും വിൽമോറിനും പുറമെ, നാലു മാസത്തിലധികമായി നിലയത്തിൽ പരീക്ഷണ-നിരീക്ഷണങ്ങളിലേർപ്പെട്ടിരിക്കുന്ന നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ രണ്ട് യാത്രികരുമുണ്ടായിരുന്നു.
ഭൂമിയിൽ
ബഹിരാകാശത്തെ ഒമ്പത് മാസത്തെ താമസത്തിനുശഷം തിരികെയെത്തുന്ന സുനിതയെക്കാത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങളുമിരിക്കുന്നുണ്ട്. സാധാരണയൊരു യാത്ര കഴിഞ്ഞെത്തുന്നത് പോലെ ബഹിരാകാശ സഞ്ചാരം കഴിഞ്ഞ് ഭൂമിയിലെത്തുന്നതിനെ കണക്കാക്കരുത്. സുനിതയുടെ ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഒമ്പതുമാസത്തോളം മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞതിനാൽ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാൻ ഏറെ സമയമെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുമ്പോൾ കൈകാലുകളിലെ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കും. എല്ലുകളുടെ ബലക്ഷയവും ഉറക്കമില്ലായ്മയും അണുബാധകളും മാനസികസമ്മര്‍ദവും തലകറക്കവും ശരീരത്തിന്റെ തുലനനിലയിലെ പ്രശ്നങ്ങളുമെല്ലാം സുനിതക്കുണ്ടാകാമെന്ന് നാസയുടെ ആരോഗ്യവൃത്തങ്ങൾതന്നെ വ്യക്തമാക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.