'മരണത്തെ അതിജീവിക്കുമോ മനുഷ്യൻ'; പ്രായം കുറക്കാൻ ജീൻ തെറാപ്പിക്ക് വിധേയനായി ശതകോടീശ്വരൻ
text_fieldsഡി.എൻ.എയിൽ മാറ്റം വരുത്തി പ്രായം കുറക്കാനുള്ള ചികിത്സക്ക് വിധേയനായി യു.എസ് ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ. 20,000 ഡോളർ മുടക്കി ഹോണ്ടുറാസിലെ ഒരു ദ്വീപിൽ വെച്ചാണ് ബ്രയാൻ ജോൺസൺ ജീൻ തെറാപ്പിക്ക് വിധേയനായത്. എന്നും യുവത്വം നിലനിർത്താനാണ് താൻ ഈ ചികിത്സ നടത്തിയതെന്ന് ബ്രയാൻ ജോൺസൺ കഴിഞ്ഞ ദിവസം പുറത്തുവിട്ട യുട്യൂബ് വിഡിയോയിൽ പറഞ്ഞു.
രഹസ്യ ദ്വീപിൽ വെച്ച് തന്റെ ഡി.എൻ.എയിൽ മാറ്റം വരുത്തിയെന്ന ടൈറ്റിലോടെ യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹത്തിന്റെ അവകാശവാദം. വയസ് വലിയ രീതിയിൽ കുറക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്നും ഇതിനായാണ് ഡി.എൻ.എയിൽ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയിലൂടെ അഞ്ച് വയസ് വരെ കുറക്കാൻ സാധിക്കുമെന്നും ഇയാൾ അവകാശപ്പെടുന്നു. യുവാവായി ഇരിക്കാൻ പ്രതിവർഷം താൻ 2 മില്യൺ ഡോളർ മുടക്കുന്നുണ്ടെന്നും ജോൺസൺ പറഞ്ഞു. അതേസമയം, യു.എസ് റെഗുലേറ്ററായ എഫ്.ഡി.എയുടെ അംഗീകാരം ഇതുവരെ ഇത്തരം ചികിത്സക്ക് ലഭിച്ചിട്ടില്ല.
അർബുദം, ജനിതക വൈകല്യങ്ങൾ, അണുബാധ എന്നിവക്കെല്ലാം ഉപയോഗിക്കുന്ന ചികിത്സ രീതിയായ ജീൻ തെറാപ്പിക്കാണ് ജോൺസൺ വിധേയനായിരിക്കുന്നത്. തകരാറുള്ള ജീനുകൾ മാറ്റി പകരം പുതിയത് വെക്കുക, അസുഖമുള്ള ജീനിനെ നിർജീവമാക്കുക, പുതുതായി ജീൻ കൂട്ടിച്ചേർത്ത് രോഗത്തിനെതിരെ പ്രതിരോധമൊരുക്കുക എന്നതെല്ലാം ഈ ചികിത്സരീതിയുടെ ഭാഗമാണ്. ഇത് ഉപയോഗിച്ച് ജീനുകളിൽ മാറ്റം വരുത്തി പ്രായം കുറക്കാനാവുമെന്നാണ് ജോൺസന്റെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.