സാങ്കേതിക തകരാർ; ‘അമാൻ’ വിക്ഷേപണം പരാജയം
text_fieldsമസ്കത്ത്: സാങ്കേതിക തകരാർ മൂലം ഒമാന്റെ ആദ്യ ഉപഗ്രഹമായ ‘അമാന്റെ’ വിക്ഷേപണം പരാജയപ്പെട്ടു. യു.കെയിലെ കോൺവാളിൽ ന്യൂക്വേയിലെ ലോ എർത്ത് ഓർബിറ്റിൽനിന്ന് ചൊവ്വാഴ്ച പുലർച്ച വിക്ഷേപിച്ചിരുന്നു. ഉപഗ്രഹത്തെ അതിന്റെ നിയുക്ത ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞില്ല. വിർജിൻ ബോയിങ് 747 ജെറ്റിൽ പറന്നുയർന്ന ലോഞ്ചർ വൺ റോക്കറ്റിന് അപാകത അനുഭവപ്പെട്ടതിനെത്തുടർന്ന് ദൗത്യം നിർത്തേണ്ടിവരുകയായിരുന്നുവെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
യു.കെയിൽനിന്നും പോളണ്ടിൽനിന്നുമുള്ള മറ്റ് ഉപഗ്രഹങ്ങൾക്കൊപ്പമായിരുന്നു അമാന്റെയും വിക്ഷേപണം. ഒമാൻ സാങ്കേതികവിദ്യാ കമ്പനിയായ ഇ.ടി.സി.ഒ, അമേരിക്കൻ കമ്പനിയായ വെർജിൻ ഓർബിറ്റ് എന്നിവരാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നതിനുപിന്നിൽ പ്രവർത്തിച്ചിരുന്നത്. സാറ്റ്റെവ് എന്ന പോളിഷ് കമ്പനിയാണ് ഉപഗ്രഹം നിർമിച്ചത്.
മാസങ്ങൾക്കു മുമ്പുതന്നെ ഉപഗ്രഹം ലോഞ്ച് ഡിസ്പെൻസറിൽ സ്ഥാപിക്കുകയും സൂക്ഷ്മമായ പരിശോധനകൾ നടത്തുകയും മറ്റും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ വിർജിൻ ഓർബിറ്റ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ സംഭവത്തിൽ അന്വേഷണം നടത്തും. ഇതിനുശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.
കാലാവസ്ഥ വ്യതിയാനത്തെയും പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലങ്ങളെയും മറ്റും കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾ പകർത്താൻ പ്രാപ്തമാക്കുന്നതായിരുന്നു ‘അമാൻ. ഇത്തരം ചിത്രങ്ങൾ പിന്നീട് കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിങ്, എ.ഐ സൊല്യൂഷനുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ വിശകലനം ചെയ്യും. പുതുതലമുറക്ക് ബഹിരാകാശ മേഖലയിൽ പുതിയ ചക്രവാളങ്ങൾ തുറന്നുകൊടുക്കാനും രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യാനും ലക്ഷ്യംവെക്കുന്നതാണ് ഒമാൻ ബഹിരാകാശ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.