ബഹിരാകാശ മേഖലയിൽ കുതിപ്പിനൊരുങ്ങി ഒമാൻ
text_fieldsമസ്കത്ത്: ഒമാന്റെ ആദ്യ റോക്കറ്റ് ‘ദുകം-1’ പരീക്ഷണ വിക്ഷേപണം ബുധനാഴ്ച നടക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ദുകം ഇത്തലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്നാണ് വിക്ഷേപണം നടക്കുക. രാവിലെ അഞ്ച് മുതൽ ഉച്ച രണ്ടുവരെയാണ് വിക്ഷേപണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പദ്ധതി നാഷനൽ സ്പേസ് സർവിസസ് കമ്പനിയുടെ കീഴിലാണ് നടക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോഞ്ചിങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.
123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റർ ഉയരമുണ്ട്. സെക്കൻഡിൽ 1,530 മീറ്റർ വേഗത്തിൽ ഉയരും. 2025ൽ മൂന്ന് വിക്ഷേപണങ്ങൾ കൂടി ഒമാൻ ആസൂത്രണം ചെയ്യുന്നുണ്ട്. ബഹിരാകാശ പ്രവർത്തനത്തിൽ ഒമാന്റെ ഭൂമിശാസ്ത്രപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുക, ബഹിരാകാശ സാങ്കേതിക വിദ്യകൾ പ്രാദേശികവത്കരിക്കുക, നിക്ഷേപം ആകർഷിക്കുക, സ്വകാര്യമേഖലാ പങ്കാളിത്തം വളർത്തുക തുടങ്ങിയവയും പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങളാണ്. പൂർണവും പ്രവർത്തനക്ഷമമായ ബഹിരാകാശ പോർട്ട് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ ഘട്ടം കൂടിയാണ് ഈ പദ്ധതിയെന്ന് ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി പറഞ്ഞു.
പരീക്ഷണ വിക്ഷേപണം നടക്കുന്നതിനാൽ ദുകം മറൈൻ മേഖലക്ക് ഇന്ന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോടും കടലിൽ പോകുന്നവരോടും സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ സമയങ്ങളിൽ നിയുക്ത പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അന്തർദേശീയ സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമായി ബഹിരാകാശ മേഖലയിൽ തങ്ങളുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരീക്ഷണ വിക്ഷേപണം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും അപകടസാധ്യതകൾ ഒഴിവാക്കാനും പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ആദ്യ റോക്കറ്റ് വിക്ഷേപണത്തിലൂടെ ബഹിരാകാശ മേഖലയിൽ പുതിയ കുതിപ്പിനൊരുങ്ങുകയാണ് ഒമാൻ. ഭൂമിശാസ്ത്രപരമായി ഭൂമധ്യരേഖയോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് ഒമാൻ. ഇത് കാര്യക്ഷമമായ ഉപഗ്രഹ വിക്ഷേപണത്തിന് ഏറെ അനുകൂലമാണെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ (എം.ടി.സി.ഐടി) ഡയറക്ടർ ജനറലും നാഷണൽ സ്പേസ് പ്രോഗ്രാം മേധാവിയുമായ ഡോ. സൗദ് അൽ ഷോയ്ലി പറഞ്ഞു. കുറഞ്ഞ ഇന്ധനം ആവശ്യമായി വരുന്നുള്ളൂ എന്നതിനാൽ ആത്യന്തികമായി ചെലവ് കുറക്കുകയും ചെയ്യും.
ഇക്കാര്യങ്ങളെല്ലാം ഒമാനെ ഉപഗ്രഹ പ്രവർത്തനങ്ങൾക്ക് ആകർഷകമാക്കും. ആദ്യ ഘട്ടത്തിൽ ചെറിയ ശബ്ദ റോക്കറ്റുകൾ ആയിരിക്കും വിക്ഷേപിക്കുക. ഇത്ലാക്കിന് ബഹിരാകാശ മേഖലയിൽ ശോഭനമായ ഭാവിയാണുള്ളത്. ഒമാനിൽ നിന്ന് വിക്ഷേപിക്കുന്നതിന്റെ സാമ്പത്തിക നേട്ടങ്ങൾ, കുറഞ്ഞ ചിലവ്, രാഷ്ട്രീയ നിഷ്പക്ഷത എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ കമ്പനികൾ തിരിച്ചറിയുന്നതോടെ ഇത്ത്ലാക്ക് സമ്പൂർണ ബഹിരാകാശ പോർട്ടായി മാറുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒമാന്റെ സ്വകാര്യ ബഹിരാകാശ സംരംഭങ്ങൾക്ക് കുതിപ്പേകുന്ന നാഷണൽ എയ്റോസ്പേസ് സർവിസസ് കമ്പനി (നാസ്കോം) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 2023ൽ പ്രഖ്യാപിച്ച ഇത്ത്ലാക് സ്പേസ്പോർട്ട്, ഗവേഷണത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമായി റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ‘മെന’ മേഖലയിൽ ആദ്യത്തേതാണ്. വിവിധ ഗവേഷണ വികസന കേന്ദ്രങ്ങൾക്കൊപ്പം അത്യാധുനിക റോക്കറ്റ് അസംബ്ലിയും ടെസ്റ്റിങ് സൗകര്യങ്ങളും ഇതിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.