ബഹിരാകാശ നിലയത്തിന് ആയുസ്സ് ഇനി കുറഞ്ഞ വർഷങ്ങൾ മാത്രം; ശാന്തസമുദ്രത്തിൽ നിത്യനിദ്ര, 2031ഓടെ പ്രവർത്തനം അവസാനിപ്പിക്കും
text_fieldsവാഷിങ്ടൺ ഡി.സി: സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും തിരിച്ചുവരവ് ലോകം മുഴുവൻ കൗതുകത്തോടെയും ആകാംക്ഷയോടെയും കണ്ടപ്പോൾ, മനുഷ്യന്‍റെ ബഹിരാകാശ ഗവേഷണങ്ങളും കൂടുതൽ ചർച്ചയാവുകയാണ്. 286 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ചെലവഴിച്ച ശേഷമാണ് സ്പേസ് എക്സിന്‍റെ ക്രൂ9 പേടകത്തിൽ ഇരുവരും ഭൂമിയിൽ തിരിച്ചെത്തിയത്. ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെട്ട് 17 മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് ഇരുവരും സുരക്ഷിതരായി ഭൂമിയിലിറങ്ങിയത്.
മനുഷ്യന്‍റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭൂമിയിൽ നിന്നും 400ലേറെ കിലോമീറ്ററുകൾ അകലെയായി ബഹിരാകാശത്ത് സ്ഥിതി ചെയ്യുകയാണ് ഐ.എസ്.എസ്. യു.എസ്, റഷ്യ, ജപ്പാൻ, കാനഡ, തുടങ്ങിയ രാജ്യങ്ങളും പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളും സംയുക്തമായാണ് ഐ.എസ്.എസ് യാഥാർഥ്യമാക്കിയത്. നാസയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 1998ലായിരുന്നു നിലയത്തെ വിക്ഷേപിച്ചത്.
ബഹിരാകാശത്ത് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഈ നിലയം. ഭൂമിയിൽ നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയിലായാണ് ഇതിന്‍റെ സഞ്ചാരം. 72.8 മീറ്റർ നീളവും 108.5 മീറ്റർ വീതിയുമുള്ള ഈ നിലയം മണിക്കൂറിൽ 27,600 കിലോമീറ്റർ വേഗതയിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നത്. അതായത്, 92.69 മിനുട്ട് കൊണ്ട് ഭൂമിയെ ഐ.എസ്.എസ് ഒരു തവണ ചുറ്റിവരും. അതുകൊണ്ട് തന്നെ ഒരു ദിവസം 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാൻ ഇതിലെ ഗവേഷകർക്ക് സാധിക്കും.
എന്നാൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 2031 വരെ മാത്രമാണ് നാസ ആയുസ്സ് കൽപ്പിച്ചിരിക്കുന്നത്. ഇതിനായുള്ള പദ്ധതിരേഖ യു.എസ് കോൺഗ്രസിന് മുമ്പാകെ നാസ സമർപ്പിച്ചിരുന്നു. ബഹിരാകാശത്തുനിന്ന് തിരികെയെത്തുന്ന നിലയത്തെ ശാന്തസമുദ്രത്തിലെ 'ബഹിരാകാശവാഹനങ്ങളുടെ സെമിത്തേരി' എന്നറിയപ്പെടുന്ന പോയിന്‍റ് നെമോ മേഖലയിൽ വീഴ്ത്താനാണ് നാസയുടെ ലക്ഷ്യം. നാസയുടെ വെബ്സൈറ്റിൽ ഐ.എസ്.എസിന്‍റെ ഭാവിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
2030 വരെ ഐ.എസ്.എസ് പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് നേരത്തെ മുൻ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ നൽകിയതെന്ന് 2022ൽ നാസ അറിയിച്ചിരുന്നു. ഐ.എസ്.എസ് പിൻവാങ്ങുന്നത് വാണിജ്യ നിലയങ്ങളുടെ തുടക്കമാകുമെന്നാണ് നാസ ചൂണ്ടിക്കാട്ടിയത്. സ്വകാര്യമേഖല സാങ്കേതികപരമായും സാമ്പത്തികപരമായും ബഹിരാകാശ നിലയങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാപ്തിയുള്ളതാണ്. എല്ലാവിധ സഹായങ്ങളും നൽകുമെന്നും നാസ വ്യക്തമാക്കി. ഇതോടെ, ബഹിരാകാശ മേഖലയിലെ അന്താരാഷ്ട്ര കൂട്ടായ്മയായ ഐ.എസ്.എസിന്‍റെ അവസാനമാകുമെന്ന് വ്യക്തമായിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.