Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightശാസ്ത്രലോകം...

ശാസ്ത്രലോകം ശ്വാസമടക്കി കാത്തിരിക്കുന്നു ആ അപകട യാത്രക്കായ്...

text_fields
bookmark_border
Poster of The Wages of Fear
cancel
camera_alt

‘ദ വേജസ് ഓഫ് ഫിയർ’  എന്ന ചിത്രത്തിൽ നിന്ന്

ഹെന്റി ജോർജസ് ക്ലോസേ സംവിധാനം ചെയ്ത് 1953 ൽ ഇറങ്ങിയ ബ്ലാക് ആന്റ് വൈറ്റ് സിനിമയാണ് ‘ദ വേജസ് ഓഫ് ഫിയർ. ജീവിതത്തിനും മരണത്തിനുമിടയിലെ നേർത്ത സാധ്യതയിലൂടെ നാല് മനുഷ്യർ നടത്തുന്ന അതിജീവന യാത്രയാണ് ആ സിനിമയുടെ ഇതിവൃത്തം. ദക്ഷിണ അമേരിക്കയിലെ വിദൂരമായ മരുഭൂമിയിലെ അമേരിക്കൻ ഓയിൽ കമ്പനിയിൽ തീ പിടുത്തമുണ്ടാകുന്നു. പ്രതിസ്ഫോടനത്തിലൂടെ തീ കെടുത്താനായി ഉഗ്ര സ്പോടക ശേഷിയുള്ള നൈട്രോ ഗ്ലിസറിൻ എന്ന അതീവ അപകടകാരിയായ രാസദ്രാവകം കയറ്റിയ രണ്ടു ട്രക്കുകൾ എണ്ണ കിണറുകൾക്ക് അരികിൽ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത് നാല് നാട്ടിൻപുറത്തുകാരായ ഡ്രൈവർമാരാണ്. ദാരിദ്ര്യം കൊണ്ടുവലഞ്ഞ അവർക്ക് പുറംലോകത്തേക്ക് രക്ഷപ്പെടാനുള്ള അവസരമായിരുന്നു ആ യാത്ര. ഒന്ന് ശക്തമായി കുലുങ്ങിയാൽ വണ്ടിയടക്കം പൊട്ടിത്തെറിക്കാവുന്ന ആ യാത്ര പ്രേക്ഷകർ ശ്വാസമടക്കി പിടിച്ചാണ് കണ്ടിരുന്നത്. ഇന്നും ലോക ക്ലാസിക്കുകളിൽ ഒന്നായി ഈ സിനിമ വിശേഷിപ്പിക്കപ്പെടുന്നു.

ഏതാണ്ട് അതേപോലൊരു യാത്രയ്ക്ക് ഇപ്പോൾ യൂറോപ് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. ശാസ്ത്രത്തിന്റെ ഏറ്റവും അസാധാരണമായ ഒരു യാത്ര എന്നാണ് ഇതിനകം ഈ സഞ്ചാരം വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവായി കണക്കാക്കുന്ന ‘പ്രതിദ്രവ്യം’ (Antimatter) അടങ്ങിയ കണ്ടയിനർ ഒരു ലോറിയിൽ യൂറോപ്പിലൂടെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാണ് ശാസ്ത്രകാരന്മാർ പദ്ധതിയിടുന്നത്.

സേൺ പരീക്ഷണശാലയിൽ നിന്നും പ്രതിദ്രവ്യം കൊണ്ടുപോകാനുള്ള ഉപകരണം തയാറാക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണശാലയുടെ നടത്തിപ്പുകാരായ അന്താരാഷ്ട്രസംഘടനയാണ് യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്, അഥവാ സേൺ (CERN). സേണിന്റെ ജനീവയിലുള്ള പരീക്ഷണ ശാലയിൽ നിന്നാണ് ആന്റിമാറ്റർ കൊണ്ടു​പോവുക. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിക്ക് കാരണമായ മഹാവിസ്​ഫോടനത്തിന്റെ ഫലമായുണ്ടായ മാറ്ററും (ദ്രവ്യം) ആന്റിമാറ്ററും (പ്രതിദ്രവ്യം) തമ്മിൽ കൂടിച്ചേർന്നാൽ വലിയ സ്ഫോടനം ഉണ്ടാവുകയും അതിന്റെ ഫലമായി വൻതോതിൽ ഊർജം ഉദ്പാദിപ്പിക്കുകയും ചെയ്യും. ഈ പ്രതിദ്രവ്യത്തിന്റെ ഒരു ഗ്രാം പരീക്ഷണശാലയിൽ ഉണ്ടാക്കിയെടുക്കുന്നതിനു പോലും ട്രില്യൺ കണക്കിന് ഡോളറിന്റെ ചിലവുണ്ട്. സേൺ പോലുള്ള കണിക പരീക്ഷണ ശാലകളിൽ മാത്രമേ ഇത് നിർമിക്കാൻ കഴിയൂ. ‘ഇപ്പോൾ ഞങ്ങളുടെ ആദ്യ യാത്രയുടെ അടുത്തെത്തിയെങ്കിലും അതുമായി സഞ്ചരിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്’ സേണിലെ ശാസ്ത്രജ്ഞനായ പ്രൊഫ. സ്റ്റെഫാൻ ഉൽമർ പറയുന്നു.

പ്രോട്ടോണുകളും ഇലക്ട്രോണുകളും പോലെയുള്ള ഉപ ആറ്റോമിക് കണങ്ങളാൽ നിർമിതമാണ് ദ്രവ്യം അഥവാ പദാർത്ഥം. അതേസമയം ആൻറി പ്രോട്ടോണുകളും പോസിട്രോണുകളും ഉൾപ്പെടുന്ന കണങ്ങളാണ് ആന്റിമാറ്ററിൽ അടങ്ങിയിരിക്കുന്നത്. ആന്റി പ്രോട്ടോൺ ഡിസെലറേറ്റർ എന്നറിയപ്പെടുന്ന ഉപകരണത്തിന്റെ സഹായത്തിലാണ് സേൺ ആന്റി പ്രോട്ടോണുകൾ നിർമിച്ചത്.

കൂടുതൽ വിശദമായ പഠനത്തിനും പരീക്ഷണങ്ങൾക്കുമാണ് സേണിൽ നിന്ന് ആന്റി മാറ്റർ കണ്ടയിനറിൽ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നത്. അതീവ ശ്രദ്ധയോടെ ​കൈകാര്യം ചെയ്യേണ്ടതിനാൽ, ആന്റിമാറ്റർ കൊണ്ടുപോകാനായി സൂപ്പർകണ്ടക്റ്റിംഗ് മാഗ്നറ്റുകളും, ക്രയോജനിക് കൂളിങ് സംവിധാനങ്ങളും വാക്വം ചേമ്പറുകളും അടങ്ങിയ ഉപകരണങ്ങൾ സേണിലെ ശാസ്ത്രകാരന്മാർ നിർമിച്ചിട്ടുണ്ട്. സാധാരണ ദ്രവ്യവുമായുള്ള സമ്പർക്കം ഒഴിവാക്കി ഏഴ് ടൺ ലോറികളിലാണ് ഇത് കൊണ്ടുപോകുന്നതെന്ന് ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.

പ്രപഞ്ചോൽപ്പത്തിയുടെ മഹാരഹസ്യം തേടി മനുഷ്യർ നടത്തുന്ന അപകടകരവും സംഭ്രമജനകവുമായ യാത്രയായായണ് ഈ സഞ്ചാരം ഇതിനകം വിശേഷിപ്പിക്കപ്പെടുന്നത്.

ടോം ഹാങ്ക്സ് നായകനായ ‘ഏഞ്ചൽ ആന്റ് ഡെമോൺസ്’ എന്ന ചിത്രത്തിൽ നിന്ന്

ഡാൻ ബ്രൗണിന്റെ നോവലിനെ അടിസ്ഥാനമാക്കി 2009ൽ റോൺ ഹോവാർഡ് സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് നായകനായി അഭിനയിച്ച ‘ഏഞ്ചൽ ആന്റ് ഡെമോൺസ്’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം സേണിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന ആന്റിമാറ്ററാണ്. ലാബിൽ നിന്ന് അപഹരിച്ച ആന്റിമാറ്റർ ഉപയോഗിച്ച് വത്തിക്കാനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയിൽ. എന്നാൽ, അത്തരം സ്ഫോടനങ്ങൾക്ക് സാധ്യതയില്ലെന്നും സുരക്ഷ ഉറപ്പാക്കിയായിരിക്കും ഈ യാത്രയെന്നും ശാസ്ത്രകാരന്മാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:science newsconcernscinema lifethe wages of fear
News Summary - The most dangerous delivery truck travel across Europe with Antimatter
Next Story