അന്യഗ്രഹ ജീവികളുണ്ട്; വിവരങ്ങൾ ഉടൻ പുറത്ത്
text_fieldsനാസയിലെ അറിയപ്പെടുന്ന ഫിലിം മേക്കറാണ് സിമൺ ഹാലൻഡ്. ബി.ബി.സിയുമായി ചേർന്നും മറ്റും സിമൺ നിർമിച്ചിട്ടുള്ള ശാസ്ത്ര വിഡിയോ ഡോക്യൂമെന്ററികൾ ഏറെ പ്രശസ്തവുമാണ്. കഴിഞ്ഞദിവസം അദ്ദേഹം ഒരു പ്രസ്താവന നടത്തി: ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ഏതാനും ടെലിസ്കോപ്പുകൾ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം സംബന്ധിച്ച നിർണായക വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നു. അടുത്ത മാസം ‘നാസ’ അത് പുറത്തുവിടും.
പ്രപഞ്ചത്തിലെ അന്യഗ്രഹജീവികളെപ്പറ്റി അന്വേഷിക്കാനും കണ്ടെത്താനും ശ്രമിക്കുന്ന പദ്ധതിയായ ബ്രേക്ത്രൂ ലിസണിലെ ഗവേഷകരാണത്രെ സിമണുമായി ഈ രഹസ്യവിവരം പങ്കുവെച്ചത്. 2016 ജനുവരിയിൽ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി ലോകത്തെ പല ടെലിസ്കോപ്പുകളും കേന്ദ്രീകരിച്ച് കാര്യമായ നിരീക്ഷണം പുരോഗമിക്കുന്നുണ്ട്. ആസ്ട്രേലിയയിലെ പാർക്സ് ടെലിസ്കോപ്പിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നും അദ്ദേഹം ‘ദി മിററി’ന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു. എന്തുകൊണ്ട് അടുത്തമാസത്തേക്ക് പ്രഖ്യാപനം മാറ്റിവെച്ചുവെന്ന കാര്യവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നവംബർ അഞ്ചിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ അന്നോ തലേന്നാളോ നാസ സർപ്രൈസ് പ്രഖ്യാപനം നടത്തും.
എന്നാൽ, ഇങ്ങനെ പ്രഖ്യാപനം മാറ്റിവെച്ചാലുള്ള ചില അപകങ്ങളെക്കുറിച്ചും സിമൺ അഭിമുഖത്തിൽ പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം, ഇപ്പോഴത്തെ കണ്ടെത്തലിന്റെ ക്രെഡിറ്റ് ചൈനീസ് ഗവേഷകർ കൊണ്ടുപോകുമെന്നാണ്. കാരണം, ബ്രേക്ത്രൂ ലിസണിന് സമാനമായ മറ്റൊരു പദ്ധതി ചൈനക്കുമുണ്ട്. ഫൈവ് ഹൺഡ്രഡ് മീറ്റർ അപ്പർച്ചർ സ്ഫെറിക്കൽ ടെലിസ്കോപ് (ഫാസ്റ്റ്)എന്നാണ് അതിന്റെ പേര്. ഇപ്പോഴത്തെ കണ്ടെത്തൽ അവർ തങ്ങളുടെ പേരിലാക്കുമെന്നാണ് സിമണിന്റെ മുന്നറിയിപ്പ്. ഭൂമിയിൽനിന്ന് 4.2പ്രകാശവർഷം അകലെയുള്ള പ്രോക്സിമ സെന്റോറി എന്ന നക്ഷത്രത്തിൽനിന്ന് പുറപ്പെട്ട സിഗ്നലിനെ ആസ്പദമാക്കി നടത്തിയ അന്വേഷണത്തിലാണ് അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് വിവരം. 2019ലാണ് ഈ സിഗ്നലിനെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.