യു.എ.ഇയുടെ ആദ്യ ചൊവ്വ ദൗത്യത്തിന് മൂന്നു വയസ്സ്
text_fieldsദുബൈ: യു.എ.ഇയുടെ ആദ്യ ചൊവ്വ ദൗത്യ പേടകമായ ഹോപ് പ്രോബിന്റെ (അൽ അമൽ) വിജയയാത്രക്ക് മൂന്നു വയസ്സ്. 2021 ഫെബ്രുവരി ഒമ്പതിനാണ് ഹോപ് പ്രോബ് വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിയത്. ശാസ്ത്രജ്ഞന്മാർ 50 ശതമാനം വിജയസാധ്യത കൽപിച്ച ഹോപ് ലക്ഷ്യത്തിലെത്തിയതോടെ ചൊവ്വയിൽ പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറി.
ആദ്യശ്രമത്തിൽതന്നെ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ രാജ്യമെന്ന പകിട്ടോടെയാണ് അറബ് ലോകത്തിന്റെ വിജയപ്രതീകമായി ഹോപ് ഭ്രമണപഥത്തിലെത്തിയത്. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ നിർമിച്ച ഹോപ് 2020 ജൂലൈ 20നാണ് ജപ്പാനിലെ തനെഗാഷിമ ഐലൻറിൽനിന്ന് വിക്ഷേപിച്ചത്.
മണിക്കൂറിൽ 1,21,000 കിലോമീറ്റർ വേഗത്തിൽ കുതിച്ച പേടകം 408 ദശലക്ഷം കിലോമീറ്റർ നീണ്ട യാത്ര 204 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ദിവസങ്ങൾക്കുള്ളിൽ ചൊവ്വയിൽനിന്നുള്ള ചിത്രങ്ങൾ അയച്ചുതുടങ്ങുകയും ചെയ്തു. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാറെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണങ്ങളാണ് പര്യവേക്ഷണത്തിന് ഉപയോഗിച്ചത്. 2023 മധ്യത്തോടെ ദൗത്യം അവസാനിപ്പിക്കാനായിരുന്നു ലക്ഷ്യം.
എന്നാൽ, കൂടുതൽ കണ്ടെത്തലുകൾക്കായി ഒരു ചൊവ്വ വർഷം കൂടി (രണ്ട് ഭൗമ വർഷം) ചൊവ്വയിൽ തുടരുന്നതിന് കഴിഞ്ഞവർഷം തീരുമാനമെടുത്തിരുന്നു. ഇന്ത്യയുടെ മംഗൾയാൻ ഉൾപ്പെടെ രണ്ട് രാജ്യങ്ങൾ മാത്രമാണ് ചൊവ്വ ദൗത്യം ആദ്യശ്രമത്തിൽതന്നെ ലക്ഷ്യത്തിലെത്തിച്ചത്.
ഇന്ത്യ, യു.എസ്, സോവിയറ്റ് യൂനിയൻ, യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവർ മാത്രമാണ് പേടകം വിജയകരമായി ചൊവ്വയിൽ എത്തിച്ചിരുന്നത്. 73.5 കോടി ദിർഹമാണ് ഹോപ്പിന്റെ നിർമാണ ചെലവ്. നൂറുശതമാനവും ഇമാറാത്തി പൗരന്മാരായിരുന്നു ദൗത്യത്തിനു പിന്നിൽ.
ചൊവ്വയെക്കുറിച്ച് കൂടുതൽ അറിവുപകരുന്ന വിവരങ്ങൾ ഹോപ് ദൗത്യകാലയളവിൽ ശേഖരിച്ചിരുന്നു. യു.എ.ഇയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് പ്രചോദനവും ആവേശവും പകർന്ന വിജയമായാണ് ഹോപ് പ്രോബ് രേഖപ്പെടുത്തപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.