‘റാശിദ്’ റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ
text_fieldsദുബൈ: യു.എ.ഇ നിർമിത ചാന്ദ്രദൗത്യപേടകമായ ‘റാശിദ് റോവർ’ വഹിക്കുന്ന ജപ്പാന്റെ ‘ഹകുട്ടോ-ആർ മിഷൻ-1’ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി അധികൃതർ വെളിപ്പെടുത്തി. നേരത്തേ ആസൂത്രണം ചെയ്തതുപോലെ എല്ലാ പ്രവർത്തനങ്ങളും പൂർണമായും വിജയകരമായിരുന്നെന്ന് ഹകുട്ടോ-ആർ ഉടമകളായ ഐസ്പേസ് അറിയിച്ചു. അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പേടകമായ യു.എ.ഇയുടെ ‘റാശിദ്’ റോവർ അടുത്ത മാസം അവസാനത്തിൽ ’ ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേടകം ചന്ദ്രന്റെ ആദ്യ ഭ്രമണം ചൊവ്വാഴ്ച പൂർത്തിയാക്കിയിട്ടുണ്ട്. ലാൻഡർ ചന്ദ്ര ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിച്ച് ഭ്രമണം ചെയ്യാൻ തുടങ്ങിയത് ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
‘റാശിദ്’ കഴിഞ്ഞ ഡിസംബർ 11നാണ് യു.എസിലെ േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ജാപ്പനീസ് ലാൻഡറിൽ പറന്നുയർന്നത്. യു.എ.ഇയുടെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാരാണ് പേടകം നിർമിച്ചത്. ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേരാണ് പേടകത്തിന് നൽകപ്പെട്ടത്.
ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. ദൗത്യം വിജയകരമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.