ഭൂമിയുടെ ഹിമപാളികളും തണുത്തുറഞ്ഞ പ്രതലങ്ങളും നിരീക്ഷിക്കാൻ ‘നിസാർ’ ഉപഗ്രഹം; വിക്ഷേപണം ജനുവരിയിൽ തന്നെ
text_fieldsബംഗളൂരു: അമേരിക്കയുടെ നാസയും ഇന്ത്യയുടെ ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ‘നിസാർ’ (നാസ-ഇസ്റോ സിന്തറ്റിക് അപേർച്ചർ റഡാർ) ജനുവരിയിൽ തന്നെ വിക്ഷേപിക്കും. കൃത്യമായ തീയതി വൈകാതെ ഐ.എസ്.ആർ.ഒ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
കാർഷിക ഭൂപടങ്ങൾ, മണ്ണിടിച്ചില്‍ - ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ, ഹിമാലയ പർവതത്തിലെ മഞ്ഞുരുകലിന്‍റെ വ്യാപ്തി, ഭൂമിയിലെ ആവാസ വ്യവസ്ഥ, ഭൂപ്രതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവുടെ നിരീക്ഷണങ്ങൾക്കാണ് ‘നിസാർ’ ഉപഗ്രഹം ഉപയോഗിക്കുക.
ഭൂകമ്പം, അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍, സമുദ്രനിരപ്പ് ഉയരൽ എന്നീ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഉപഗ്രഹത്തിന് സാധിക്കും. ഏത് കാലാവസ്ഥയിലും മേഘപാളികളെ മറികടന്ന് ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങൾ പകർത്താൻ ഉപഗ്രഹത്തിന് കഴിയും.
2014ലാണ് ഉപഗ്രഹത്തിന്‍റെ നിർമാണം കാലിഫോർണിയയിലെ നാസ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിൽ ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കിയ ഉപഗ്രഹം വിമാനമാർഗം ബംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. 2,800 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിക്കുക. മൂന്നു വർഷമാണ് ദൗത്യത്തിന്‍റെ കാലാവധി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.