ശതകോടീശ്വരൻ ജാറഡ് ഐസക്മാനെ നാസ അഡ്മിനിസ്ട്രേറ്ററായി പ്രഖ്യാപിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ ഡി.സി: ശതകോടീശ്വരനും ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്തം പൂർത്തിയാക്കിയയാളുമായ വ്യവസായി ജാറഡ് ഐസക്മാനെ (41) നാസ അഡ്മിനിസ്ട്രേറ്ററായി നിർദേശിച്ച് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്‍റഗ്രേറ്റഡ് പേയ്‌മെന്‍റ് ആൻഡ് കൊമേഴ്‌സ് ടെക് കമ്പനിയായ ഷിഫ്റ്റ്4ന്‍റെ സ്ഥാപകനും സി.ഇ.ഒയുമാണ് ജാറഡ് ഐസക്മാൻ. ട്രംപിന്‍റെ കൂട്ടാളിയും ലോകകോടീശ്വരനുമായ ഇലോൺ മസ്കുമായി അടുത്ത ബന്ധമുള്ളയാൾ കൂടിയാണ് ഐസക്മാൻ.
ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പര്യവേക്ഷണം എന്നിവയിലെ കുതിച്ചുചാട്ടങ്ങൾക്ക് വഴിയൊരുക്കുന്ന നാസയുടെ ദൗത്യങ്ങൾ ഇനി ജാറഡ് നയിക്കുമെന്ന് ട്രംപ് പറഞ്ഞു. ബഹിരാകാശ ഗവേഷണത്തോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശവും പരിചയസമ്പന്നതയും സമർപ്പണവും പ്രപഞ്ചത്തിന്‍റെ രഹസ്യങ്ങൾ കണ്ടെത്തുന്നതിലും പുതിയ ബഹിരാകാശ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിലും മുതൽക്കൂട്ടാവും -ട്രംപ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പൊളാരിസ് ഡോണ്‍ ദൗത്യത്തിലൂടെ ജാറഡ് ഐസക്മാൻ, സാറാ ഗിലിസിനൊപ്പം ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂർത്തിയാക്കി ചരിത്രംകുറിച്ചത്. ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സിന്റെ ഫാൽക്കൺ റോക്കറ്റാണ് ഇവരുടെ ഡ്രാഗൺ പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചത്. ജാറഡ് ഐസക്മാനാണ് ആദ്യമായി ബഹിരാകാശത്ത് ചുവടുവച്ചത്. പിന്നാലെ സ്പേസ് എക്സിലെ എൻജിനീയറായ സാറാ ഗിലിസും നടത്തത്തിനിറങ്ങി.
സ്പേസ് എക്സ് രണ്ടര വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകൾ ധരിച്ചാണു സഞ്ചാരികൾ ബഹിരാകാശത്തു നടന്നത്. പരമാവധി 30 മിനിറ്റാണു നടന്നതെങ്കിലും ഇതിനുള്ള തയാറെടുപ്പെല്ലാംകൂടി ചേരുമ്പോൾ ഒരു മണിക്കൂർ 46 മിനിറ്റായി. ബഹിരാകാശ ഗവേഷകരല്ലാത്ത വ്യക്തികൾ നടത്തുന്ന ബഹിരാകാശ യാത്രയെന്ന പ്രത്യേകത പൊളാരിസ് ദൗത്യത്തിനുണ്ടായിരുന്നു. ഇതിനുള്ള പണം മുഴുവൻ ചെലവാക്കിയത് ജാറഡ് ഐസാക്മാനാണ്. എത്ര തുകയാണ് ഇദ്ദേഹം ചെലവിട്ടതെന്ന് പുറത്തുവന്നിട്ടില്ല. അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യൻ കടന്നുചെല്ലുന്ന ബഹിരാകാശത്തെ ഏറ്റവും കൂടിയ ദൂരം കൂടിയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.