ബഹിരാകാശ നിലയത്തിൽ നിന്ന് റഷ്യൻ, അമേരിക്കൻ ഗവേഷകർ ഒരുമിച്ച് തിരിച്ചെത്തി
text_fieldsഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് രണ്ട് റഷ്യൻ ഗവേഷകരും ഒരു യു.എസ് ഗവേഷകനും തിരിച്ചെത്തി. ഒരേ പേടകത്തിൽ സഞ്ചരിച്ച മൂവരും ഖസാക്കിസ്ഥാനിലെ കേന്ദ്രത്തിലാണ് ഇറങ്ങിയത്. യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയും യു.എസും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് ഗവേഷകർ ഒരുമിച്ച് തിരിച്ചെത്തിയിരിക്കുന്നത്.
നാസയുടെ മാർക് വാൻഡെ ഹെയ്, റഷ്യക്കാരായ ആന്‍റൺ ഷ്കപ്ലെറോവ്, പ്യൂറ്റർ ഡുബ്രോവ് എന്നിവരാണ് ബഹിരാകാശത്തുനിന്നെത്തിയത്. ഇവരുടെ മടക്കം നേരത്തെ നിശ്ചയിച്ചതാണെങ്കിലും, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഒരുമിച്ചുള്ള യാത്രയിൽ മാറ്റമുണ്ടാകുമോയെന്നും ബഹിരാകാശ മേഖലയിലെ സഹകരണത്തെ ബാധിക്കുമോയെന്നുമുള്ള ആശങ്കകൾ നിലനിന്നിരുന്നു.
355 ദിവസങ്ങൾ ബഹിരാകാശ കേന്ദ്രത്തിൽ ചിലവിട്ട് റെക്കോർഡ് കുറിച്ചാണ് നാസയുടെ മാർക് വാൻഡെ ഹെയ് മടങ്ങിയത്. 55കാരനായ ഹെയ്യുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. അതേസമയം, ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ഒറ്റത്തവണ ചിലവിട്ടതിന്‍റെ റെക്കോർഡ് റഷ്യയുടെ വലേരി പോളിയാക്കോവിനാണ്. മിർ സ്പേസ് സ്റ്റേഷനിൽ 14 മാസത്തിലേറെ കഴിഞ്ഞ ശേഷമാണ് അദ്ദേഹം 1995ൽ ഭൂമിയിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.