ശരിക്കും ആ റോബോട്ട് ‘ആത്മഹത്യ’ ചെയ്യുകയായിരുന്നോ?
text_fieldsദക്ഷിണ കൊറിയയിൽ ഒരു റോബോട്ട് ‘ആത്മഹത്യ’ ചെയ്ത വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയിൽ ട്രെൻഡിങ്. പണിയെടുത്തു പണിയെടുത്ത് മടുത്തപ്പോൾ പാവം റോബോട്ട് മനോവിഷമം മൂലം ജീവനൊടുക്കിയെന്നതരത്തിലാണ് വാർത്തകളത്രയും. സത്യത്തിൽ റോബോട്ട് ആത്മഹത്യ ചെയ്യുമോ, എന്തായിരിക്കും ആ റോബോട്ടിന് ശരിക്കും സംഭവിച്ചിട്ടുണ്ടാവുക? ചോദ്യങ്ങൾ വേറെയുമുണ്ട്.
ചില സയൻസ് ഫിക്ഷൻ സിനിമകളിലൊക്കെ ഇത്തരം റോബോട്ടിക് ആത്മഹത്യകളൊക്കെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അഭ്രപാളിക്ക് പുറത്തുള്ള യഥാർഥ റോബോട്ടുകൾക്ക് അങ്ങനെ സ്വയം എരിഞ്ഞടങ്ങാനാകുമോ എന്നാണ് ഈ ചോദ്യങ്ങളുടെ മർമം. അതിനുള്ള ഉത്തരം ‘ഇല്ല’ എന്നുതന്നെയാണ്. ഇക്കാര്യം ഈ മേഖലയിലെ വിദഗ്ധരും ശരിവെക്കുന്നുണ്ട്. ദക്ഷിണ കൊറിയയിലെ റോബോട്ടിന്റെ കാര്യംതന്നെയെടുക്കുക.
ഗുമി സിറ്റി കൗൺസിൽ ജോലി ചെയ്തിരുന്ന റോബോട്ട് കോണിപ്പടിയിൽനിന്ന് വീണതിനെതുടർന്ന് പ്രവർത്തനരഹിതമായപ്പോഴാണ് സമൂഹമാധ്യമങ്ങൾ അതിനെ ആത്മഹത്യയാക്കിയത്. അപ്പോൾ അത് ആത്മഹത്യയല്ലെന്ന് വ്യക്തം. വീഴ്ചയെതുടർന്ന് അത് പ്രവർത്തനരഹിതമാവുകയായിരുന്നു. ഒരു വർഷം മുമ്പ് കാലിഫോർണിയയിലെ ഒരു സ്റ്റാർട്ടപ് കമ്പനിയിൽനിന്ന് വാങ്ങിയ ഈ റോബോട്ട് തൊട്ടുതലേ ദിവസംവരെ കൗൺസിൽ ഓഫിസിൽ ഒരു മനുഷ്യനെപ്പോലെ ആത്മാർഥമായി പണിയെടുത്തിരുന്നു. വീഴ്ചയിൽ ഏതോ ഉപകരണത്തിന് കേട് സംഭവിച്ചു. മോട്ടോറുകളോ സെൻസറുകളോ പണിമുടക്കിയതാകാം കാരണം. അതേസമയം ചില ഘട്ടങ്ങളിൽ റോബോട്ടുകൾ സ്വയം പണിമുടക്കാറുമുണ്ട്. പുറത്തുനിന്നുള്ള ഇടപെടൽ പ്രശ്നമാകുമെന്ന് കണ്ടാൽ സുരക്ഷാപ്രശ്നം ഓർത്ത് പണി അവസാനിപ്പിക്കും. അപ്പോഴും അത് ആത്മഹത്യയായി കണക്കാക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.