Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightപ്രപഞ്ചം...

പ്രപഞ്ചം വികസിക്കുന്നത് ശാസ്ത്രം കരുതിയതിനേക്കാൾ വേഗത്തിൽ; കണ്ടെത്തലുമായി ജെയിംസ് വെബ്ബ്

text_fields
bookmark_border
universe 987987
cancel

പ്രപഞ്ചം അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രലോകം പതിറ്റാണ്ടുകൾക്ക് മുമ്പേ നിഗമനത്തിലെത്തിയതാണ്. ഭൂമിയിലും ആകാശത്തുമുള്ള നിരവധി ടെലസ്കോപ്പുകളിലൂടെ കാലങ്ങളായി പ്രപഞ്ചത്തെ നിരീക്ഷിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. പ്രപഞ്ച നിരീക്ഷണത്തിൽ നിർണായകമായ ഒരു കുതിപ്പാണ് ജെയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പിന്‍റെ വരവോടെയുണ്ടായത്. അതിവിദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രാപഞ്ചികപദാർഥങ്ങളെ കണ്ടെത്താൻ ശേഷിയുള്ള ജെയിംസ് വെബ്ബ് ടെലസ്കോപ്പ് ഇതാ, പ്രപഞ്ച വികാസത്തെ കുറിച്ചുള്ള ശാസ്ത്രലോകത്തിന്‍റെ ഇതുവരെയുള്ള ധാരണയെ തിരുത്തുകയാണ്.

പ്രപഞ്ചം വികസിക്കുന്നത് ശാസ്ത്രലോകം കരുതിയതിനേക്കാൾ വേഗത്തിലാണെന്നാണ് ജെയിംസ് വെബ്ബ് ടെലസ്കോപ്പ് കണ്ടെത്തിയിരിക്കുന്നത്. ജെയിംസ് വെബ്ബിന്‍റെ മുൻഗാമിയായിരുന്ന ഹബ്ബിൾ സ്പേസ് ടെലസ്കോപ്പ് ഇതേ കണ്ടെത്തൽ നടത്തിയിരുന്നു. എന്നാൽ, ഹബ്ബിളിന്‍റെ ഉപകരണങ്ങളുടെ പോരായ്മയാണോ ഈയൊരു കണ്ടെത്തലിന് കാരണമെന്ന സംശയം ഗവേഷകർക്കുണ്ടായിരുന്നു. എന്നാൽ, ജെയിംസ് വെബ്ബും ഈയൊരു കണ്ടെത്തൽ നടത്തിയതോടെ ഹബ്ബിളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ജെയിംസ് വെബ്ബിന്‍റെ രണ്ട് വർഷത്തെ ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ. ഹബ്ബിൾ കോൺസ്റ്റന്‍റ് എന്നാണ് പ്രപഞ്ചവികാസ തോതിനെ പറയുന്നത്. 'ഹബ്ബിൾ ടെൻഷൻ' എന്നാണ് പ്രപഞ്ച വികാസത്തിലുള്ള ഈ വ്യത്യാസത്തെ ശാസ്ത്രം വിശേഷിപ്പിക്കുന്നത്.


ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ആഡം റീസിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ട് ആസ്ട്രോഫിസിക്കൽ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളിൽ എന്തൊക്കെയോ ഇല്ലാത്തതായിട്ടുണ്ട് എന്നാണ് ഈ കണക്കുകൾ കാണിക്കുന്നതെന്ന് 2011ലെ ഫിസിക്സ് നൊബേൽ ജേതാവ് കൂടിയായ ആഡം റീസ് പറയുന്നു. 'പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളിൽ രണ്ട് ഘടകങ്ങളെ കുറിച്ച് ഇപ്പോഴും വലിയ അജ്ഞതയാണുള്ളത് - ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊർജ്ജവും. എന്നാൽ, ഇവയാണ് പ്രപഞ്ചത്തിൻ്റെ 96 ശതമാനവും. അതിനാൽ ഇവയുടെ പ്രാധാന്യം ചെറുതല്ല. ഇപ്പോഴുള്ള പ്രപഞ്ച മാതൃക പുന:പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ജെയിംസ് വെബ്ബിന്‍റെ കണ്ടെത്തലുകൾ' -അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രപഞ്ചം വികസിക്കുന്നതിന് പിന്നിൽ ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊർജവുമാണെന്ന അനുമാനങ്ങളുണ്ട്. എന്നാൽ, ഇവയെ കുറിച്ച് വിശദമായി മനസ്സിലാക്കാൻ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല. ഇരുണ്ട ഊർജ്ജത്തിൻറെ സ്വഭാവവും പ്രത്യേകതകളും കൃത്യമായി നിർണയിക്കുക എന്നത് ഭൗതിക ശാസ്ത്രത്തിലെയും പ്രപഞ്ച വിജ്ഞാനീയത്തിലെയും ഇന്നുള്ള ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. പ്രപഞ്ചത്തിൻ്റെ ഏകദേശം 27 ശതമാനം ഇരുണ്ട ദ്രവ്യവും 69 ശതമാനം ഇരുണ്ട ഊർജവുമാണെന്നാണ് അനുമാനിക്കുന്നത്.

പ്രപഞ്ചം രൂപപ്പെട്ടിട്ട് ഏകദേശം 1380 കോടി വര്‍ഷമായെന്നാണ് ശാസ്ത്രം പറയുന്നു. പുതിയ പ്രപഞ്ചവികാസ തോത് ശരിയാണെന്ന് കൂടുതല്‍ ഗവേഷണങ്ങളില്‍ തെളിഞ്ഞാല്‍, ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊര്‍ജവും പ്രപഞ്ചപരിണാമത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമായി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniverseJames Webb Space Telescope
News Summary - Webb telescope confirms the universe is expanding at an unexpected rate
Next Story