അടുത്ത 200 മില്യൺ വർഷത്തിനുള്ളിൽ ഭൂമിക്ക് എന്തു സംഭവിക്കും? പുതിയ സൂപ്പർ ഭൂഖണ്ഡത്തെക്കുറിച്ച് പ്രവചിച്ച് ശാസ്ത്ര ലോകം
text_fieldsഅടുത്ത 200-300 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ-പസഫിക് സമുദ്രം ചുരുങ്ങുകയും ഏഷ്യ അമേരിക്കയുമായി കൂടിച്ചേർന്ന് ഒരു പുതിയ ഭൂപ്രദേശം രൂപപ്പെടുകയും ചെയ്യുമെന്ന് ശാസ്ത്ര ലോകം. ഈ സൂപ്പർ ഭൂഖണ്ഡത്തെ 'അമേഷ്യ'യെന്നു വിളിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.ആസ്‌ട്രേലിയയിലെ കർട്ടിൻ യൂനിവേഴ്‌സിറ്റിയിലെയും ചൈനയിലെ പീക്കിങ് സർവകലാശാലയിലെയും ഗവേഷകർ ഭാവിയിലെ ഭൂരൂപങ്ങളെക്കുറിച്ചറിയാൻ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച് നടത്തിയ കണ്ടെത്തലിലാണ് ഇക്കാര്യം തെളിഞ്ഞത്. ടെക്‌റ്റോണിക് പ്ലേറ്റുകളുടെ ചലനം മൂലമാണ് ഏഷ്യ അമേരിക്കയുമായി കൂട്ടിയിടിക്കുന്നതെന്നും ഇവർ പറയുന്നു.
കഴിഞ്ഞ രണ്ട് ബില്യൺ വർഷങ്ങളായി ഭൂഖണ്ഡങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഓരോ 600 ദശലക്ഷം വർഷത്തിലും ഒരു സൂപ്പർ ഭൂഖണ്ഡം രൂപപ്പെടുന്നുണ്ട്. ഇത് സൂപ്പർ ഭൂഖണ്ഡ ചക്രം എന്നറിയപ്പെടുന്നു. ഇതിനർഥം നിലവിലെ ഭൂഖണ്ഡങ്ങൾ രണ്ട് കോടി വർഷത്തിനുള്ളിൽ വീണ്ടും ഒന്നിച്ചു ചേരുമെന്നാണെന്ന് ശാസ്ത്രജ്ഞനായ ഡോ. ചുവാൻ ഹുവാങ് പറഞ്ഞു.
അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങൾ അടച്ച് അന്തർമുഖം വഴിയോ അല്ലെങ്കിൽ ആർട്ടിക്, കരീബിയൻ കടലുകൾ അടച്ച് ഓർത്തോവേർഷൻ വഴിയോ സൂപ്പർ ഭൂഖണ്ഡമായ അമേഷ്യ കൂട്ടിച്ചേരാനുള്ള സാധ്യത കുറവാണ്. പകരം, കാലക്രമേണയുണ്ടാകുന്ന സമുദ്ര ലിത്തോസ്ഫിയറിന്റെ ദുർബലതമൂലം പസഫിക് സമുദ്രം അടച്ചുപൂട്ടുന്നതിലൂടെ മാത്രമേ അമേഷ്യക്ക് കൂടിച്ചേരൽ സാധ്യമാകൂ.
സുപ്രധാന ഭൗമ സംഭവത്തിൽ ആസ്ട്രേലിയയും പ്രധാന പങ്കു വഹിക്കും. ആദ്യം ഏഷ്യയുമായി കൂട്ടിയിടിക്കുകയും പിന്നീട് അമേരിക്കയും ഏഷ്യയും കൂടിച്ചേരുകയും പസഫിക് സമുദ്രം അടയുകയും ചെയ്യുമെന്ന് ഹുവാങ് വ്യക്തമാക്കി.പുതിയ സൂപ്പർ ഭൂഖണ്ഡം ആദ്യം വടക്കൻ അർധഗോളത്തിൽ രൂപം കൊള്ളുമെന്നും പിന്നീട് തെക്ക് മധ്യരേഖയിലേക്ക് മാറുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.