അതിജീവനത്തിന്റെ ആ സസ്യം ഏതായിരിക്കും?
text_fields2015ൽ, റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ സിനിമയാണ് ‘ദി മാർഷ്യൻ’. 2035ൽ ചൊവ്വയിലിറങ്ങുന്ന യാത്രികരുടെ അതിജീവനത്തിന്റെ കഥയാണ് ‘മാർഷ്യൻ’. ചിത്രത്തിൽ മാറ്റ് ഡാമൻ അവതരിപ്പിക്കുന്ന കഥാപാത്രമായ ഡോ. മാർക് വാറ്റ്നെയാണ് ഒരു യാത്രികൻ. വാറ്റ്നെ അതിജീവനത്തിനായി നടത്തിയ പരീക്ഷണങ്ങളിലൊന്ന് യാത്രികരുടെ വിസർജ്യം വളമായി ഉപയോഗിച്ച് ഉരുളക്കിഴങ്ങ് ‘കൃഷി’ ചെയ്യുക എന്നതായിരുന്നു.
സിനിമ ഇറങ്ങിയശേഷം, ശാസ്ത്രലോകം ഈ രംഗം ഏറെ ചർച്ച ചെയ്തു. ഭാവിയിൽ ചൊവ്വ പര്യവേക്ഷണത്തിൽ ഇതൊരു മാതൃകയായേക്കാമെന്നുവരെ പലരും വാദിച്ചു. അന്നേ ശാസ്ത്രലോകത്തിന്റെ ചോദ്യം ഇതായിരുന്നു: ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കുന്ന വല്ല സസ്യവും ഭൂമിയിലുണ്ടാവുമോ?
ഈ ചോദ്യത്തിന് ഭാഗികമായെങ്കിലും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ഒരുസംഘം ഗവേഷകർ. സിൻത്രീഷ്യ കാനിനെർവിസ് എന്ന വർഗത്തിൽപെട്ട ഒരുതരം പായലിന് ചൊവ്വയിലെ കാലാവസ്ഥകളിൽ പിടിച്ചുനിൽക്കാനാവുമെന്നാണ് ഇവരുടെ കണ്ടെത്തൽ.
തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ തരിശ്ശായ ഏറ്റവും വരണ്ടുണങ്ങിയതും സിയറ നെവാദ പർവത നിരകളുടെ മഴനിഴൽ പ്രദേശത്തു സ്ഥിതിചെയ്യുന്നതുമായ മൊജാവെ എന്ന മരുഭൂ പ്രദേശത്തെല്ലാം ധാരാളമായി കണ്ടുവരുന്നതാണ് ഈ പായൽ.
വരൾച്ച, മഴ, വിവിധ വികിരണങ്ങളുടെ പ്രസരണം, അതിശൈത്യം, അത്യുഷ്ണം തുടങ്ങി ചൊവ്വയിൽ തിരിച്ചറിയപ്പെട്ട മുഴുവൻ കാലാവസ്ഥയെയും ഈ സസ്യത്തിന് അതിജീവിക്കാനാവുമത്രെ. ലബോറട്ടറിയിൽ ചൊവ്വയിലേതിന് സമാനമായ കാലാവസ്ഥ താൽക്കാലികമായി സൃഷ്ടിച്ച് അഞ്ച് വർഷം നിരീക്ഷണം നടത്തിയശേഷമാണ് ഗവേഷകർ പഠന പ്രബന്ധം തയാറാക്കിയത്.
പ്രബന്ധത്തിന് വലിയ സ്വീകാര്യതയാണ് ശാസ്ത്രലോകത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞനും ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകനുമായ സ്റ്റുവർട്ട് ഡാനിയേലിന്റെ അഭിപ്രായത്തിൽ ഈ പരീക്ഷണത്തിന് പലതരത്തിലുള്ള വിജയ സാധ്യതയുണ്ട്.
സിൻത്രീഷ്യ കാനിനെർവിസ് മനുഷ്യന് നേരിട്ട് ഭക്ഷിക്കാനാവില്ലെങ്കിലും ചൊവ്വയിൽ അത് വളരുന്നത് മറ്റു പല കാര്യങ്ങൾക്കും ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം, ഇതിന്റെ സാന്നിധ്യത്തിൽ മറ്റു സസ്യങ്ങളെ അവിടെ വളർത്താനാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.