സ്വയം നിർമിച്ച ബൈക്കുമായി പത്താം ക്ലാസ് വിദ്യാർഥി
text_fieldsചെറുതുരുത്തി: ആക്രിക്കടകളിൽനിന്ന് ശേഖരിച്ച വസ്തുക്കൾ ഉപയോഗിച്ച് സ്വയം ബൈക്ക് നിർമിച്ച് ആറ്റൂർ അറഫ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് സുഹൈബ് (16). സ്കൂളിൽ നടക്കുന്ന ‘ഇന്നവോഷ്യ-23’ എക്സിബിഷനിൽ വിദ്യാർഥികളുടെ ശാസ്ത്ര - സാങ്കേതികവിദ്യ വിഭാഗത്തിലാണ് ബൈക്കുമായി വിദ്യാർഥി എത്തിയത്. മിക്ക സാധനങ്ങളും ആക്രിക്കടയിൽനിന്ന് തുച്ഛ വിലയ്ക്ക് വാങ്ങിച്ചായിരുന്നു ബൈക്ക് നിർമാണം. യൂ ട്യൂബിൽ കണ്ട വിഡിയോ ആണ് പ്രചോദനം. ആദ്യം കാർ ഉണ്ടാക്കാനായിരുന്നു ശ്രമം. എന്നാൽ, പണച്ചെലവ് കണക്കിലെടുത്ത് ബൈക്കിലേക്ക് മാറുകയായിരുന്നു. ഒമ്പത് മാസം കൊണ്ടായിരുന്നു നിർമാണം. പുതിയ രണ്ട് ടയറിനും എൻജിനും മറ്റുമായി 15,000 രൂപ ചെലവായി.
കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ വണ്ടി ഓടിച്ചപ്പോൾ പലർക്കും വിശ്വസിക്കാനായില്ല. അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങിന് എത്തിയ സി- മെറ്റ് ശാസ്ത്രജ്ഞ ഡോ. ടി. രാധികയും സുഹൈബിനെ അഭിനന്ദിച്ചു. മുള്ളൂർക്കര കുന്നത്ത് പീടികയിൽ അബ്ദുൽ ജലീൽ -നസീമ ദമ്പതികളുടെ മൂന്ന് ആൺമക്കളിൽ രണ്ടാമത്തെയാളാണ് സുഹൈബ്. പിതാവ് അബ്ദുൽ ജലീൽ ദുബൈയിൽ എൻജിനീയറാണ്. മെക്കാനിക്കൽ എൻജിനീയർ ആവണമെന്നാണ് സുഹൈബിന്റെ ആഗ്രഹം. ഓൺലൈൻ ഷൂ ബിസിനസും ഈ മിടുക്കൻ നടത്തുന്നുണ്ട്. പരിപാടി കാണാൻ കുടുംബാംഗങ്ങളും സ്കൂളിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.