ഐ.എസ്.ആർ.ഒ രണ്ടാം വിക്ഷേപണ കേന്ദ്രം തമിഴ്നാട്ടിൽ; സ്ഥലം ഏറ്റെടുത്തു
text_fieldsശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ തമിഴ്നാട്ടിൽ സ്ഥലം ഏറ്റെടുത്തു. ഭൂമി ഏറ്റെടുത്തതായും അവിടെ വിക്ഷേപണത്തറ (ലോഞ്ച് പാഡ്) സ്ഥാപിക്കുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ഞായറാഴ്ച പറഞ്ഞു. ആദ്യ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽനിന്ന് 650 കിലോമീറ്റർ അകലെ തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്താണ് രണ്ടാമത്തെ കേന്ദ്രത്തിന് സ്ഥലമേറ്റെടുത്തത്. വൺ വെബിന്റെ 36 ഉപഗ്രഹങ്ങളുടെ വിജയകരമായ ദൗത്യത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാമത്തെ വിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ ഐ.എസ്.ആർ.ഒ നേരത്തേ പദ്ധതിയിട്ടിരുന്നു. ചെറിയ ഉപഗ്രഹ വിക്ഷേപണങ്ങൾക്കാണ് തമിഴ്നാട്ടിലെ തീരനഗരം ഉപയോഗിക്കുക.
ലോഞ്ച് പാഡിന്റെ രൂപരേഖ തയാറായി. ഭൂമി സുരക്ഷിതമായി തങ്ങളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞാൽ നിർമാണം ആരംഭിക്കുമെന്ന് ചെയർമാൻ പറഞ്ഞു. രണ്ട് വർഷത്തിനകം നിർമാണ പ്രവർത്തനങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ചോദ്യത്തിന് മറുപടി നൽകി. 2023 ജൂൺ-ജൂലൈ മാസത്തോടെ ചാന്ദ്രയാൻ 3 ചാന്ദ്ര ദൗത്യത്തിന് ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.