ലോക ഫോറന്‍സിക് സയന്‍സ് ഉച്ചകോടി; ഇന്ത്യയില്‍നിന്ന് ആറ് പ്രഭാഷകര്‍
text_fieldsറാസല്‍ഖൈമ: ഈ മാസം 30 മുതല്‍ മൂന്ന് ദിവസങ്ങളിലായി റാസല്‍ഖൈമയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫോറന്‍സിക് സയന്‍സ് സമ്മേളനത്തില്‍ ആറ് പ്രഭാഷകര്‍ ഇന്ത്യയില്‍നിന്നുള്ളവര്‍. യു.എ.ഇ, സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 93 വിദഗ്ധരാണ് റാസല്‍ഖൈമയിലെ ആദ്യത്തെ ഫോറന്‍സിക് സയന്‍സ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുക. പ്രഫ. ഡോ. ആദര്ഷ്കുമാര് (ന്യൂഡല്‍ഹി എ.ഐ.ഐ.എം.എസ്), പ്രഫ. ഡോ. ആര്.കെ. ഗൊറിയ (മെഡിസിന് ജിയന് സാഗര്‍ മെഡിക്കല്‍ കോളജ്, പഞ്ചാബ്), ഡോ. മുഹമ്മദ് അഷ്റഫ് താഹിര്‍ (ഡയറക്ടര്‍ ജനറല്‍, പഞ്ചാബ് അഗ്രികള്‍ചര്‍, ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി), ഡോ. ജസ്കരന് സിങ് (ഗീത യൂനിവേഴ്സിറ്റി, പാനിപത്ത്), ഡോ. രഞ്ജീത്ത് സിങ് (ഡയറക്ടര്‍ എസ്.ഐ.എഫ്.എസ് ഇന്ത്യ ഫോറന്‍സിക് ലാബ്), കുംകും സിങ് (ഗവേഷക, എ.ഐ.ഐ.എം.എസ്, ന്യൂഡല്‍ഹി) എന്നിവരാണ് റാക് ഫോറന്‍സിക് സയന്‍സ് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിന് ഇന്ത്യയില്‍ നിന്നെത്തുന്നവര്‍.
ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും ഈ രംഗത്ത് ലോകതലത്തില്‍ നേതൃത്വം നല്‍കുന്നവരും സമ്മേളിക്കുന്ന ലോക ഫോറന്‍സിക് സയന്‍സ് ഉച്ചകോടി വിജയകരമാക്കുന്നതിന് റാക് പൊലീസ് മേധാവിയും കോണ്‍ഫറന്‍സ് ജനറല്‍ സൂപ്പര്‍വൈസറും വേള്‍ഡ് ഫോറന്‍സിക് സയന്‍സ് കോണ്‍ഫറന്‍സ് രക്ഷാധികാരിയുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അറിവുകളുടെ അവസരമെന്നതിലുപരി പ്രഫഷനല്‍ നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ ആഗോള സമൂഹത്തെ ഒരുമിച്ച് നിര്‍ത്തിയുള്ള പോരാട്ടവുംകൂടി ലക്ഷ്യമിടുന്നതാണ് സമ്മേളനം. ഫോറന്‍സിക് സയന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും വിഷയവുമായി ബന്ധപ്പെട്ട പഠന സംഗ്രഹങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഓണ്‍ലൈന്‍ മുഖേന സൗകര്യമുണ്ട്. ശാസ്ത്ര സെഷനുകളിലും ശില്പശാലകളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://rakpolice.gov.ae/RAKFSC/Home/Index വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.