സീതി സാഹിബ് കർമശ്രേഷ്ഠ പുരസ്കാരം സി.പി. മുസ്തഫക്ക്
text_fieldsറിയാദ്: കേരള നിയമസഭ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിന്റെ പേരിൽ റിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി നൽകുന്ന ഈ വർഷത്തെ കർമശ്രേഷ്ഠ പുരസ്കാരത്തിന് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അർഹനായി.
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നടത്തിയ നേതൃപരമായ പ്രവർത്തനങ്ങൾ മാനിച്ചാണ് നാലംഗ ജൂറി അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. വ്യാഴാഴ്ച റിയാദ് എക്സിറ്റ് 18ലെ സ്വലാഹിയ്യ ഇസ്തിറാഹയിൽ നടക്കുന്ന 'സർഗം 2022' സീതി സാഹിബ് അനുസ്മരണ സമ്മേളനത്തിൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമ്മാനിക്കുമെന്നും ജില്ല കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സി.എ. റഷീദ്, അബ്ദുൽ ഖയ്യൂം ബുസ്താനി, പി.കെ. അബ്ദുറഹീം കയ്പമംഗലം, ഇബ്രാഹിം ഹാജി കരൂപ്പടന്ന എന്നിവരടങ്ങിയ ജൂറിയാണ് വിധിനിർണയം നടത്തിയത്.
കോവിഡ് കാലത്ത് സാധാരണ പ്രവാസികളെ ചേർത്തുപിടിച്ച സി.പി. മുസ്തഫയുടെ പ്രവർത്തനങ്ങൾ മാതൃകപരമായിരുന്നുവെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി. റിയാദിൽ അവശ്യമരുന്നുകളും ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകളും ആവശ്യാനുസരണം വിതരണം ചെയ്യാനും ആംബുലൻസ് സേവനവും മയ്യിത്ത് പരിപാലനവും നടത്തുന്നതിനും ചാർട്ടേർഡ് ഫ്ലൈറ്റ് സർവിസ് ഏർപ്പെടുത്താനും ഓൺലൈനിലൂടെ ആരോഗ്യ കൗൺസലിങ് അടക്കമുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കെ.എം.സി.സിക്ക് സാധിച്ചത് അദ്ദേഹത്തിന്റെ നൈരന്തര്യമായ ഇടപെടൽ വഴിയായിരുന്നുവെന്ന് ജൂറി ചൂണ്ടിക്കാട്ടി.
മലപ്പുറം ചെമ്മാട് സ്വദേശിയായ സി.പി. മുസ്തഫ ചക്കിപ്പറമ്പൻ കുടുംബാംഗമാണ്. 35 വർഷമായി റിയാദിലുള്ള ഇദ്ദേഹം തുടക്കം മുതലേ കെ.എം.സി.സിയുടെ നേതൃരംഗത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.