മുംബൈക്ക് ആറാം തോൽവി; ജയത്തോടെ ലഖ്നോ രണ്ടാമത്
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ശനിയാഴ്ച നടന്ന മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സ് മുൻ ചാമ്പ്യൻമാരെ 18 റൺസിന് തോൽപിച്ചു. മുംബൈയുടെ തുടർച്ചയായ ആറാം തോൽവിയാണിത്.
നായകൻ കെ.എൽ. രാഹുലിന്റെ (103 നോട്ടൗട്ട്) മൂന്നാം ഐ.പി.എൽ സെഞ്ച്വറിയുടെ കരുത്തിൽ 20 ഓവറിൽ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്നോ 199 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനാണ് സാധിച്ചത്. ആറുമത്സരങ്ങളിൽ നിന്ന് എട്ടുപോയിന്റുമായി ലഖ്നോ രണ്ടാം സ്ഥാനത്തെത്തി. പോയിന്റ് ഒന്നുമില്ലാതെ മുംബൈ അവസാന സ്ഥാനത്താണ്.
സൂര്യകുമാർ യാദവ് (37), ഡെവാൾഡ് ബ്രെവിസ് (31), തിലക് വർമ (26), കീറൻ പൊള്ളാഡ് (25) എന്നിവർ മുംബൈക്കായി പൊരുതി. മുംബൈ നായകൻ രോഹിത് ശർമ (6) വീണ്ടും നിരാശപ്പെടുത്തി. കഴിഞ്ഞ ആറു ഇന്നിങ്സുകളിൽ നിന്നായി 114 റൺസ് മാത്രം നേടിയ രോഹിത്തിന്റെ ഫോം ടീമിനെ നന്നായി ബാധിക്കുന്നുണ്ട്. ഇഷാൻ കിഷൻ (13), ഫാബിയൻ അലൻ (8), ജയ്ദേവ് ഉനദ്ഘട്ട് (14), മുരുകൻ അശ്വിൻ (6) എന്നിവരാണ് പുറത്തായ മറ്റ് മുംബൈ ബാറ്റ്സ്മാൻമാർ. ജസ്പ്രീത് ബൂംറയും (0) ടൈൽ മിൽസും (0) പുറത്താകാതെ നിന്നു.
ആറിൽ ആറും തോറ്റതോടെ മുംബൈയുടെ പ്ലേഓഫ് പ്രവേശനം ദുഷ്കരമാകും. 10 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇനി അവർക്ക് പരമാവധി 16 പോയിന്റുകൾ മാത്രമാണ് നേടാൻ സാധിക്കുക. നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായി വരും ദിവസങ്ങളിൽ പോയിന്റ് പട്ടികയിൽ താഴെയുള്ളവർ മുകളിലുള്ളവരെ തോൽപിക്കുന്ന സാഹചര്യം കൂടി ഒത്തുവന്നാലാണ് ഇനി മുംബൈക്ക് പ്രതീക്ഷ.
മൂന്നാം ഐ.പി.എൽ സെഞ്ച്വറിയുമായി കെ.എൽ. രാഹുൽ
56 പന്തിൽ നിന്നായിരുന്നു രാഹുൽ ലഖ്നോ ഫ്രാഞ്ചൈസിയുടെ ആദ്യ ഐ.പി.എൽ സെഞ്ച്വറി സ്വന്തം പേരിലാക്കിയത്. ഐ.പി.എല്ലിൽ രണ്ടിൽ അധികം ഐ.പി.എൽ സെഞ്ച്വറികൾ നേടുന്ന ഏഴാമത്തെ ബാറ്ററാണ് രാഹുൽ. ദക്ഷിണാഫ്രിക്കൻ മുൻ താരം എ.ബി ഡിവില്ലയേഴ്സും രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണുമാണ് മൂന്ന് ഐ.പി.എൽ സെഞ്ച്വറികൾ നേടിയ മറ്റ് രണ്ട് ബാറ്റർമാർ.
ഐ.പി.എൽ ചരിത്രത്തിൽ 100ാം മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റർ കൂടിയാണ് രാഹുൽ. രണ്ട് വ്യത്യസ്ഥ ടീമുകളുടെ നായക സ്ഥാനത്തിരുന്ന് സെഞ്ച്വറിയടിക്കുന്ന ആദ്യ താരം കൂടിയാണ് രാഹുൽ. പഞ്ചാബ് കിങ്സ് താരമായിരിക്കേ 2019ലും 2020ലുമായിരുന്നു രാഹുലിന്റെ ആദ്യ രണ്ട് സെഞ്ച്വറികൾ.
ഓപണിങ് വിക്കറ്റിൽ രാഹുൽ ഡികോക്കിനൊപ്പം 52 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 33 പന്തിൽ ഫിഫ്റ്റിയടിച്ച രാഹുൽ പിന്നീട് ഗിയർ മാറ്റുകയായിരുന്നു. 24 പന്തിൽ നിന്നാണ് അടുത്ത ഫിഫ്റ്റിയടിച്ചത്. അഞ്ച് സിക്സും ഒമ്പത് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. രണ്ട് കളികൾക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ പാണ്ഡേയും ഫോമിലേക്കുയർന്നു. രാഹുൽ-പാണ്ഡേ സഖ്യം 72 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്.
ട്രേഡ്മാർക്ക് രീതിയിലാണ് രാഹുൽ തന്റെ സെഞ്ച്വറി ആഘോഷിച്ചത്. ബ്രബോൺ സ്റ്റേഡിയത്തിലെ കാണികൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് താരത്തെ അഭിനന്ദിച്ചു. മാർകസ് സ്റ്റോയ്നിസും (10) ദീപക് ഹൂഡയുമാണ് (15) പുറത്തായ മറ്റ് രണ്ട് എൽ.എസ്.ജി ബാറ്റർമാർ. ക്രുണാൽ പാണ്ഡ്യ (1) പുറത്താകാതെ നിന്നു. ജയ്ദേവ് ഉനദ്ഘട്ട് രണ്ടുവിക്കറ്റ് വീഴ്ത്തി. മുരുകൻ അശ്വിനും ഫാബിയൻ അലനും ഓരോ വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.