'ഇനി കാമറയുള്ള നോട്ട്, അതാകുമ്പോ വിഡിയോകോളും ചെയ്യാമല്ലോ'; സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ
text_fields2000 രൂപ നോട്ട് പിൻവലിച്ചുള്ള റിസർവ് ബാങ്കിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കനത്ത പരിഹാസവുമായി ട്രോളന്മാർ. 2016ൽ 1000വും 500ഉം നിരോധിച്ചതിന്‍റെ ആഘാതത്തിൽ നിന്ന് കരകയറുംമുമ്പാണ് വീണ്ടും നിരോധനം. അന്ന്, ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന 2000 നോട്ടാണ് ഇന്ന് വീണ്ടും നിരോധിച്ചിരിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
അടുത്തത് കാമറയുള്ള നോട്ടായിരിക്കുമെന്നും അതാകുമ്പോൾ വിഡിയോ കാൾ ചെയ്യാമല്ലോയെന്നാണ് ഒരു പരിഹാസം. 2000 നോട്ടിലെ ചിപ്പിന്‍റെ ചാർജ് തീർന്നതു കൊണ്ടാവാം പിൻവലിക്കുന്നതെന്ന് മറ്റൊന്ന്.
മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ തോതിൽ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആർ.ബി.ഐ പറയുന്നു. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും.
2000 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തണമെന്ന് ആർ.ബി.ഐ നിർദേശം ബാങ്കുകൾ നൽകിയിട്ടുണ്ട്. നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും 2023 സെപ്റ്റംബർ 30 വരെ സമയം നൽകിയിട്ടുണ്ട്.
2000 മാറ്റിയെടുക്കുന്നതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കും. ഒറ്റത്തവണ മാറ്റിയെടുക്കാവുന്ന പരമാവധി തുക 20,000 രൂപ മാത്രമാണ്.
2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.