പട്ടിണിയാൽ അമ്മ മരിച്ചതറിയാതെ കവിളോട് ചേർന്നുറങ്ങി കുഞ്ഞ്; കരളലിയിക്കുന്ന ചിത്രം
text_fieldsപട്ന: അമ്മ മരിച്ചതറിയാതെ ആ കവളിൽ തല ചായ്ച്ചുറങ്ങുന്ന മൂന്നു വയസുകാരന്‍റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വേദനയോടെ പങ്കുവെക്കപ്പെടുന്നത്. ബിഹാറിലെ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. 35കാരിയായ സ്ത്രീയെ ആണ് പ്ലാറ്റ്ഫോമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീയുടെ സമീപത്ത് ചേർന്നുറങ്ങിയിരുന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ പരിചരണം നൽകി. ശേഷം സംരക്ഷണത്തിനായി ഭഗൽപൂർ റെയിൽവേ പൊലീസ് ശിശു ക്ഷേമ കമ്മിറ്റിക്ക് കൈമാറി.
സ്ത്രീയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും ഇവരെ തിരിച്ചറിയാൻ അധികൃതർ ശ്രമം നടത്തുകയും ചെയ്തെങ്കിലും സാധിച്ചില്ല. ദിവസങ്ങൾ കാത്തിരുന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് അവരുടെ സംസ്കാരം നടത്തുകയും ചെയ്തു.
പട്ടിണി കാരണമായിരിക്കാം സ്ത്രീ മരിച്ചത് എന്നാണ് കരുതുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിക്ക് പോഷകാഹാരക്കുറവുണ്ടെന്നും ആവശ്യമായ കാര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഇവർ ഏത് ട്രെയിനിലാണ് വന്നതെന്ന് അറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.