രാമസിംഹനെ ‘കോയ’ എന്ന് വിളിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്; ബെസ്റ്റ് പ്രസിഡന്‍റെന്ന് രാമസിംഹൻ -സോഷ്യൽമീഡിയ പോര്
text_fieldsമതംമാറ്റത്തിലൂടെ വിവാദനായകനായ സംവിധായകൻ രാമസിംഹൻ അബൂബക്കറും ബി.ജെ.പി നേതൃത്വവും തമ്മിൽ വാക്പോര്. സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കരുതെന്ന രാമസിംഹന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ ബി.ജെ.പി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ .കെ.കെ രംഗത്തുവന്നു. ‘കുത്തിത്തിരുപ്പുകാർക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ. തൃശൂരിലെ കാര്യം തൃശൂർക്കാർ തീരുമാനിച്ചോളാം കോയാ’ എന്നാണ് അനീഷ് കുമാറിന്റെ കമന്റ്.
തൃശൂരില്‍ ഇനി സുരേഷ് ഗോപി മത്സരിക്കേണ്ടതില്ല എന്നായിരുന്നു രാമസിംഹന്റെ പോസ്റ്റിന്റെ ഉള്ളടക്കം. ഇതിന് മറുപടിയായാണ് അനീഷ് കുമാർ .കെ.കെ കമന്റിട്ടത്. രാമസിംഹനെ കോയാ എന്ന് അഭിസംബോധന ചെയ്താണ് ബി.ജെ.പി ജില്ല പ്രസിഡന്റ് കമന്റ് അവസാനിപ്പിച്ചത്. ഈ പ്രയോഗമാണ് രാമസിംഹനെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
ഇതിന് മറുപടിയുമായി രാമസിംഹനും രംഗത്തെത്തി. 'താങ്കൾ ബിജെപിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബിജെപിയിൽ ഒരു സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവിൽ കേന്ദ്ര കമ്മിറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്. ഒരു ജില്ലാ പ്രസിഡന്റിന് അത് കൂടെ അറിയില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ്? താങ്കളെപ്പോലുള്ളവരാണ് ഈ പാർട്ടിയെ മുച്ചൂടും മുടിക്കുന്നത്,' രാമസിംഹൻ കുറിച്ചു.
‘കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരിൽ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താൽ ആ പേരെ വായിൽ വരൂ.. ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പറ്റിയ മുതല്’ എന്നും രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചു.
ഈ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെ രാമസിംഹന്‍ വീണ്ടും പുതിയ പോസ്റ്റിട്ടുണ്ട്. ഈ പോസ്റ്റിന് താഴെയും രാമസിംഹനും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ പൊരിഞ്ഞ പോരാണ്. ‘നാട്ടുകാരെ പറ്റിച്ച് ആ പണം കൊണ്ട് സിനിമയെടുത്തവനല്ലേ താനെന്ന്’ അധിക്ഷേപിക്കുന്നവരും ഉണ്ട്.
ഇതിനുമറുപടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെ മെൻഷൻ ചെയ്ത് പുതിയൊരു പോസ്റ്റും രാമസിംഹൻ ഇട്ടിട്ടുണ്ട്. ‘കേരള ബിജെപി പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ മുൻപാകെ വയ്ക്കുന്ന അപേക്ഷ.1921 പുഴമുതൽ പുഴ വരെയുടെ കണക്ക് സംബന്ധിച്ചു ബിജെപി നേതാക്കൾ പ്രകടിപ്പിച്ച സംശയം സംബന്ധിച്ചു പരിശോധിക്കാൻ ശ്രീ. സുരേന്ദ്രൻ നിശ്ചയിക്കുന്ന ഏതൊരു വ്യക്തിയെയും അദ്ദേഹത്തിന്റെ അനുവാദ പത്രത്തോടെ ക്ഷണിക്കയാണ്. മുഴുവൻ ബാങ്ക് ഡീറ്റെയിൽസ്, തീയറ്ററിൽ വന്ന പണം എന്നിവ സംബന്തിച്ച gst രേഖകൾ അടക്കം പരിശോധിക്കാൻ നൽകാൻ തയ്യാറാണ്, അതിനോടൊപ്പം എന്റെ വീട് സംബന്ധിച്ച ലോൺ എത്രയെന്നും ആരാണ് ലോൺ അടയ്ക്കുന്നതെന്ന രേഖകളും നൽകാൻ തയ്യാറാണ്.
വരുന്ന തീയ്യതി ആര് വരുന്നു എന്ന് പരസ്യമായി അറിയിക്കണം. അതല്ല എങ്കിൽ ബിജെപി യാണ് കേന്ദ്രം ഭരിക്കുന്നത്, ഭരണകൂട സംവിധാനമെങ്കിൽ അങ്ങിനെ. അതിനുള്ള പരാതി അവർക്ക് നൽകുക നിങ്ങൾ തന്നെ ആ കണക്ക് നിങ്ങളുടെ സംശയമുള്ള നേതാക്കൾക്ക് നൽകണം എന്നും അറിയിക്കുന്നു. ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഇനി വയ്യ’ എന്നാണ് പോസ്റ്റിൽ പറയുന്നത്.
ഇനി തനിക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് ഇതിനുമുമ്പ് രാമസിംഹൻ ഒരു പോസ്റ്റിട്ടിരുന്നു. രാമസിംഹന്‍ മാസങ്ങൾക്ക് മുൻപ് ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. സ്വതന്ത്ര അഭിപ്രായങ്ങള്‍ക്ക് ബിജെപിയില്‍ സ്ഥാനമില്ലെന്നാരോപിച്ചായിരുന്നു രാജി. അന്നുമുതൽ ബി.ജെ.പി പ്രവർത്തകരും രാമസിംഹനും തമ്മിൽ സമൂഹമാധ്യമങ്ങളിൽ തമ്മിലടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.