ട്വിറ്ററിന് ബുധനാഴ്ച പൂട്ട് വീഴുമെന്ന് എ.എൻ.ഐയുടെ 'വ്യാജൻ'; ഷെയർ ചെയ്ത് അമളി പറ്റിയവരിൽ പ്രമുഖ മാധ്യമപ്രവർത്തകരും
text_fieldsന്യൂഡൽഹി: വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു സന്ദേശത്തിെൻറ പേരിൽ മേയ് 26 (ബുധനാഴ്ച) മുതൽ ഇന്ത്യയിൽ ട്വിറ്റർ പ്രവർത്തനം നിർത്തുമെന്ന് വിശ്വസിച്ചവർ നിരവധി. പ്രമുഖ മാധ്യമപ്രവർത്തകരടക്കം യാഥാർഥ്യം അറിയാതെ പോസ്റ്റ് പങ്കുവെച്ചു.
സമൂഹ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഉദ്ദേശിക്കുന്ന പുതിയ ഐ.ടി നിയമം ബുധനാഴ്ച പ്രാബല്യത്തിൽ വരുമെന്ന വാർത്തയുടെ ചുവടു പിടിച്ചായിരുന്നു വ്യാജ വാർത്തകൾ.
അധികൃതർ അപകീർത്തികരമെന്ന് കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. പരാതികൾ പരിഹരിക്കാൻ രാജ്യത്തുതന്നെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും വേണം. നിബന്ധനകൾക്കു വഴങ്ങാൻ കഴിഞ്ഞ ഫെബ്രുവരി 25ന് മൂന്നു മാസത്തെ ഇളവ് എല്ലാ സമൂഹ മാധ്യമങ്ങൾക്കും സർക്കാർ നൽകിയിരുന്നു. അത് ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾക്ക് വിലക്ക് ലഭിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ പരന്നത്.
എന്നാൽ എ.എൻ.ഐയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് അങ്ങനെ ഒരു ട്വിറ്റ് വന്നിട്ടില്ലെന്നും അത് വ്യാജ അക്കൗണ്ടിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവം ഇങ്ങനെ
'മേയ് 26ന് അർധരാത്രിമുതൽ ട്വിറ്റർ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തുന്നു. വി.പി.എന്നോ മറ്റ് തേഡ്പാർട്ടി ആപ്ലിക്കേഷനുകളോ വഴി വഴി ഇവ ഉപയോഗിക്കാൻ ശ്രമിക്കുന്നത് സെക്ഷൻ 437 പ്രകാരം കുറ്റകരമായിരിക്കും'-@ANINewsIndia എന്ന ട്വിറ്റർ ഹാൻഡ്ലിൽ വന്ന ട്വീറ്റ് ഇങ്ങനെയായിരുന്നു.
മാധ്യമപ്രവർത്തക സ്വാതി ചതുർവേദിയും 'ന്യൂസ്ലോൻഡ്രി'സഹസ്ഥാപകൻ അഭിനന്ദൻ ശേഖ്രിയടക്കമുള്ള പ്രമുഖർ പോലും വൈറൽ ട്വീറ്റ് പങ്കുവെച്ചു. സംഗതി വ്യാജമാണെന്നറിഞ്ഞതോടെ അവർ അത് ഡിലീറ്റ് ചെയ്തു. എന്നിരുന്നാലും നിരവധി ട്വിറ്ററാറ്റികൾ അത് ഒറിജിനൽ എ.എൻ.ഐ അല്ലെന്നറിയാതെ പോസ്റ്റ് റീട്വീറ്റ് ചെയ്തു.
'എ.എൻ.ഐ ന്യൂസ് ഇന്ത്യ' അല്ല യഥാർഥ 'എ.എൻ.ഐ'
എ.എൻ.ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് '@ANI' ആണ്. എന്നാൽ വ്യാജൻ '@ANINewsIndia'യും. വെരിഫൈ ചെയ്യപ്പെട്ട ഔദ്യോഗിക അക്കൗണ്ടിന് കവർഫോട്ടോയുമുണ്ട്. വ്യാജ അക്കൗണ്ടിൽ കവർഫോട്ടോ കാണാൻ സാധിക്കില്ല.
അഞ്ച് ദശലക്ഷം ആളുകളാണ് എ.എൻ.ഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ലിനെ പിന്തുടരുന്നത്. എന്നാൽ വ്യാജനെ പിന്തുടർന്നിരുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. ഒറിജിനൽ എ.എൻ.ഐ 2011ൽ ട്വിറ്ററിൽ ചേർന്നപ്പോൾ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് 2020ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.