മോദി സർക്കാറിന്‍റെ പാദസേവകരാണ് നിങ്ങളെന്നതിന് ഇനിയും തെളിവ് വേണോ? ഫേസ്ബുക്കിനോട് പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: പ്രക്ഷോഭത്തിലുള്ള കർഷക സംഘടനയുടെ പേജ് നീക്കംചെയ്തതിൽ ഫേസ്ബുകിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. മോദി സർക്കാറിന്‍റെ പാദസേവകരാണ് ഫേസ്ബുക് എന്നതിന് ഇനിയും തെളിവ് ആവശ്യമുണ്ടോയെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റിൽ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് കിസാൻ ഏക്താ മോർച്ചയുടെ ഒൗദ്യോഗിക പേജിന് ഫേസ്ബുക് പൂട്ടിട്ടത്. പ്രക്ഷോഭത്തിന്‍റെ ദൃശ്യങ്ങൾ പേജിലൂടെ ലൈവായി നൽകിയിരുന്നു. ഫേസ്ബുക്ക് കമ്മ്യൂണിറ്റി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്നാരോപിച്ചാണ് പേജുകള്‍ ബ്ലോക്ക് ചെയ്തത്. ഇൻസ്റ്റഗ്രാം പേജും ബ്ലോക്ക് ചെയ്തു. വലിയ പ്രതിഷേധം ഉയർന്നതിന് പിന്നാലെ മണിക്കൂറുകൾക്കകം പേജ് പുന:സ്ഥാപിച്ചിരുന്നു.
കിസാൻ ഏക്ത മോർച്ച സംഭവത്തിൽ ശക്തമായി പ്രതികരിച്ചിരുന്നു. 'ആളുകൾ ശബ്ദമുയർത്തുമ്പോൾ ഇതാണ് അവർ ചെയ്യുന്നത്'-കിസാൻ ഏക്താ മോർച്ച ട്വിറ്ററിൽ പറഞ്ഞു. 'അവർക്ക് പ്രത്യയശാസ്ത്രപരമായി ഞങ്ങളെ തോൽപ്പിക്കാൻ കഴിയാത്തപ്പോൾ ഇതാണ് ഒരേയൊരു മാർഗം'. ഇതുസംബന്ധിച്ച സ്ക്രീൻ ഷോട്ടും മോർച്ച ട്വിറ്ററിൽ നൽകിയിരുന്നു.
മോദി സർക്കാറിന് അനുകൂലമായി ഫേസ്ബുക് പ്രവർത്തിക്കുന്നുവെന്ന ആരോപണം ഈയിടെ ശക്തമായിരുന്നു. ഇത് സംബന്ധിച്ച് വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വൻ വിവാദമായിരുന്നു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് നേരെ ഫേസ്ബുക് കണ്ണടക്കുന്നുവെന്നായിരുന്നു തെളിവ് സഹിതം ലേഖനത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെ ഫേസ്ബുക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസ് രാജിവെച്ചിരുന്നു. അംഖി ദാസിനെതിരെ വ്യാപക ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.