‘നാട്ടിൽ പോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് വിളിച്ചു, ഒടുവിൽ ജീവിതത്തിൽ നിന്ന് തന്നെ യാത്രയായി’
text_fieldsദുബൈ: വേദനാജനകമായ ഒരുമരണ വാർത്ത പങ്കുവെക്കുകയാണ് യു.എ.ഇയിലെ സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ നാട്ടിൽ പോകാൻ ഔട്ട് പാസ് ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് വിളിച്ച പ്രവാസിയാണ് അപ്രതീക്ഷിതമായി മരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. വിളിച്ചയാൾക്കും സുഹൃത്തിനും നാട്ടിൽ പോകാനുള്ള ഔട്ട് പാസ് അഷ്റഫ് താമരശ്ശേരി ഇടപെട്ട് റെഡിയാക്കി. എന്നാൽ, നാട്ടിൽ പോകാനിരുന്നതിന്റെ തലേ ദിവസം ഈ സഹോദരൻ ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങി. ജീവിതത്തിൽ നിന്ന് തന്നെ യാത്രയായി.
അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്:
‘മരണം ആരെ എപ്പോൾ തേടി വരും എന്നൊരു നിശ്ചയവുമില്ല... കഴിഞ്ഞ ദിവസം ഒരു സഹോദരൻ വിളിച്ചിരുന്നു. അദ്ദേഹത്തിന് യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ നാട്ടിൽ പോകാൻ ഔട്ട് പാസ് ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചായിരുന്നു ആ വിളി. അദ്ദേഹത്തിന്റെ ആവശ്യം ഏറ്റെടുത്തു. അല്പം കഴിഞ്ഞു പിന്നേയും വിളിച്ചു. ഇദ്ദേഹത്തിന്റെ പരിചയത്തിലുള്ള മറ്റൊരാൾക്കും ഔട്ട് പാസ് വേണമെന്ന്. രണ്ട് പേർക്കും ഔട്ട് പാസ് റെഡിയാക്കി. പോകാനിരുന്നതിന്റെ തലേ ദിവസം ഈ സഹോദരൻ മരണത്തിന് കീഴടങ്ങി. ഹൃദയാഘാതമായിരുന്നു മരണത്തിന് കാരണം. ഈ സഹോദരനോടൊപ്പം ഔട്ട് പാസ് ലഭിച്ച സഹോദരൻ നാട്ടിലേക്ക് യാത്രയായി. ഈ സഹോദരൻ ജീവിതത്തിൽ നിന്ന് തന്നെ യാത്രയായി.
മരണം ഇങ്ങിനെയാണ് ഏത് വഴിയിലാണ് കാത്ത് നിൽക്കുന്നത് എന്ന് ഒരാൾക്കും പ്രതീക്ഷിക്കാൻ കഴിയില്ല......
നമ്മിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം നന്മകൾ ചൊരിയുമാറാകട്ടെ....
അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ......’’
‘മരണപ്പെട്ടവരിൽ നിരവധിപേർ ചെറുപ്പക്കാർ’
ഈയടുത്ത ദിവസങ്ങളിൽ മരണപ്പെട്ടവരിൽ നിരവധിപേർ ചെറുപ്പക്കാരായിരുന്നുവെന്നും അഷ്റഫ് താമരശ്ശേരി പറയുന്നു. ‘നാല്പതിന് താഴെ പ്രായമുള്ളവരാണ് അധികവും. മരണ കാരണങ്ങൾ അധികവും ഹൃദയാഘാതവും. ചെറുപ്പക്കാരിൽ ഹൃദയാഘാതം വരുന്നത് ഏറെയും ജീവിത ശൈലീ രോഗങ്ങൾ മൂലമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ജോലി സംബന്ധമായ ടെൻഷനും വ്യായാമക്കുറവും ഇത്തരം ജീവിത ശൈലി രോഗങ്ങളെ വിളിച്ചു വരുത്തുന്നുണ്ട്. ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ പ്രവാസി കൂട്ടായ്മകൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. എത്രയെത്ര ചെറുപ്പക്കാരാണ് ഇത്തരം കാരണങ്ങളാൽ മരണത്തിന് കീഴടങ്ങിയത്. കുടുംബം പോറ്റാൻ വേണ്ടി പ്രവാസലോകത്ത് എത്തിയവരാണ് എല്ലാവരും. രാത്രി ഉറങ്ങാൻ കിടന്ന് എഴുനേൽക്കാത്തത് നോക്കുമ്പോൾ മരണപ്പെട്ട് കിടക്കുന്ന കാഴ്ച്ച, സംസാരിച്ച് കൊണ്ടിരിക്കേ കുഴഞ്ഞു വീണ് മരിക്കുന്ന അവസ്ഥ... അങ്ങിനെ വളരേ വേദനയാജനകമായ എത്രയെത്ര സ്ഥിതി വിശേഷങ്ങൾ. ഓരോ പ്രവാസിയും ഓരോ കുടുംബത്തിന്റെ താങ്ങും തണലുമാണ്. ഇവിടുത്തെ കൊടും ചൂടും തണുപ്പും വകവെക്കാതെ ചോര നീരാക്കി പണിയെടുത്ത് കുടുംബം പോറ്റുന്നവർ. ഇവർ ഒരു സുപ്രഭാതത്തിൽ നിശ്ചലമായി പോകുമ്പോൾ ഒരു കുടുംബം തന്നെ അനാഥമായി പോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളെ മറികടക്കാൻ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്’ -അദ്ദേഹം പറയുന്നു.
മറ്റൊരു പ്രവാസിയുടെ മരണത്തിന്റെ നൊമ്പര വാർത്തയും അഷ്റഫ് പങ്കുവെക്കുന്നുണ്ട്. നീണ്ടകാലത്തെ പ്രവാസജീവിതത്തിലൂടെ ചോര നീരാക്കി കുടുംബം പുലർത്തിയ ഒരു മലയാളി, നാട്ടിലെത്തിയപ്പോൾ കുടുംബത്തിന്റെ പരിഗണന ലഭിക്കാതെ വരികയും വീണ്ടും പ്രവാസത്തെ അവലംബിക്കുകയും ചെയ്തു. ജോലി കിട്ടി ആശ്വാസമായി ദിവസങ്ങൾ പിന്നിടുമ്പോൾ മരണം ഹൃദയഘാതത്തിന്റെ രൂപത്തിന്റെ വന്നെത്തി. കുറിപ്പ് വായിക്കാം:
‘‘ഒരുപാട് കാലത്തെ ഗൾഫ് പ്രവാസം കൊണ്ടാണ് അയാൾ തന്റെ കുടുംബത്തെ മാന്യമായി പോറ്റിയത്. ഇദ്ദേഹം പ്രവാസ ലോകത്ത് ചോര നീരാക്കിയാണ് കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതം, മക്കളുടെ പഠനം തുടങ്ങിയ കാര്യങ്ങൾ നേടിയെടുത്തത്. ജോലി നഷ്ടപ്പെട്ട് ഇദ്ദേഹം നാട്ടിലെത്തിയപ്പോഴാണ് കാര്യങ്ങൾ മാറി മറിയുന്നത്. കുടുംബത്തിൽ ഒരു പരിഗണനയും ലഭിക്കാത്ത അവസ്ഥ. ആയ കാലത്ത് ഇദ്ദേഹം കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ വീട്ടിൽ സമാധാനമായി കഴിയാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇദ്ദേഹം ഒരു പരീക്ഷണമെന്ന നിലക്ക് വിസിറ്റ് വിസയിൽ വീണ്ടും പ്രവാസ ലോകത്തേക്ക് വരുന്നത്. ഒരു വിസിറ്റ് കഴിഞ്ഞ് രണ്ടാമത്തെ വിസിറ്റ് വിസയിലാണ് ഒരു ജോലി ശരിയായത്. ജോലി കിട്ടി ആശ്വാസമായി ദിവസങ്ങൾ പിന്നിടുമ്പോഴാണ് മരണം ഹൃദയഘാതത്തിന്റെ രൂപത്തിന്റെ വന്നെത്തുന്നത്. ആ സഹോദരൻ അങ്ങിനെ യാത്രയായി. അവസാന യാത്ര. എല്ലാ നൊമ്പരങ്ങളും ഇറക്കി വെച്ചൊരു യാത്ര...പരിഭവങ്ങളും പരാതികളും ഇല്ലാത്ത ലോകത്തേക്ക് നിശബ്ദനായി അയാൾ യാത്രയായി. ഇദ്ദേഹത്തിന്റെ വിരഹത്തിൽ ഒരിറ്റ് കണ്ണുനീർ പൊഴിക്കാൻ ആരോരുമില്ലാതെയങ്ങിനെ......’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.