പുട്ടിൻ കുറ്റിയിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്; അടുക്കള ഉപകരണങ്ങൾ ഇനി പൂച്ചക്കുഞ്ഞുങ്ങൾക്ക് കിട്ടാത്തയിടത്ത് വെക്കണമെന്ന്
text_fieldsകലത്തിലും ഇഡ്ഡലിത്തട്ടിലുമൊക്കെ കുഞ്ഞുങ്ങളുടെ തലയും കൈയും കുടുങ്ങി ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ സേവനം തേടുന്നത് വാർത്തയാവാറുണ്ട്. എന്നാൽ പുട്ടുകുറ്റിയിൽ തല കുടുങ്ങിയ പൂച്ച കുഞ്ഞിനെയുമായാണ് ഒരാൾ ഇന്ന് രാവിലെ ഏഴുമണിക്ക് മലപ്പുറം ഫയർഫോഴ്സ് ഓഫിസിലെത്തിയത്. വീട്ടിൽ വളർത്തുന്ന പൂച്ചയായിരുന്നു.
മുറിച്ചെടുക്കാൻ പ്രയാസമുള്ള അൽപം കടുപ്പം കൂടിയ സ്റ്റീൽ പുട്ടുകുറ്റിയിലാണ് പൂച്ചക്കുഞ്ഞിന്റെ തല കുടുങ്ങിയത്. കട്ട് ചെയ്താനാണ് ആദ്യം തീരുമാനിച്ചത്. അതിന് മുമ്പ് ചെറുതായി ഒന്ന് ബലം പ്രയോഗിച്ചപ്പോൾ പൂച്ചക്കുഞ്ഞിന്റെ തല പുറത്തേക്ക് വന്നു. അനുഭവം പങ്കുവെച്ച് മലപ്പുറം ഫയർ ആൻഡ് റെസ്ക്യു സർവീസ് ഓഫിസർ ഇ.കെ. അബുൾസലീം ആണ് കുറിപ്പ് ഫേസ്ബുക്കിലിട്ടത്. സാധാരണ അടുക്കള ഉപകരണങ്ങൾ കുഞ്ഞുങ്ങൾക്ക് കിട്ടാത്തിടത്ത് വയ്ക്കണം എന്ന ഉപദേശത്തോടെയാണ് ആളുകളെ പറഞ്ഞ് വിടാറുള്ളത്. ഇനി പൂച്ചക്കുഞ്ഞുങ്ങൾക്ക് കിട്ടാത്ത സ്ഥലത്ത് വെക്കണം ഇവയൊക്കെ എന്നു പറഞ്ഞാണ് ആളെ പറഞ്ഞുവിട്ടതെന്നും അബുൾസലീം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
പൂച്ചയാണിന്നെൻ്റെ ദു:ഖം "
എന്ന കടമ്മനിട്ടക്കവിത അറിയാതെ മൂളിക്കൊണ്ടാവണം അയാൾ വീട്ടിൽ
നിന്ന് പുറപ്പെട്ടിട്ടുണ്ടാവുക !
കലത്തിലും ഇന്ധലിത്തട്ടിലുമൊക്ക കുഞ്ഞുങ്ങളുടെ തലയും കൈയുമൊക്കെ കുടുങ്ങി ഫയർ & റസ്ക്യു സർവീസിൻ്റെ സേവനം തേടുന്നത് ഇടയ്ക്കിടെ വാർത്തായാവാറുണ്ട്.
പുട്ടുകുറ്റിയിൽ തല കുടുങ്ങിയ പൂച്ച കുഞ്ഞായിരുന്നു ഇന്ന് മലപ്പുറം നിലയത്തിലെ കണി !'
മേൽമുറിയിലെ ഒരു വീട്ടിൽ നിന്നാണ് വരവ്! മുറിച്ചെടുക്കാൻ പ്രയാസമുള്ള അൽപ്പം കടുപ്പമുള്ള സ്റ്റീൽ പുട്ടുകുറ്റിയിലാണ് കക്ഷി തലയിട്ടത്.
കട്ടു ചെയ്തെടുക്കാനുള്ള ഒരുക്കത്തിനു
മുമ്പ് ഒരു ചെറിയബലപ്രയോഗം !
"Cat out of the puttu maker "
അടുക്കള ഉപകരണങ്ങളാണെങ്കിലും കുഞ്ഞുങ്ങൾക്ക് കിട്ടാത്തിടത്ത് വയ്ക്കണം എന്ന ഉപദേശത്തോടെയാണ് സാധാരണ ആളുകളെ പറഞ്ഞ് വിടാറ്.
ഇന്ന് ഒന്നുകൂടി കൂട്ടിച്ചേർത്തു പൂച്ചക്കുഞ്ഞുങ്ങൾക്കും കിട്ടാത്ത സ്ഥലത്ത് വയ്ക്കണം ഇത്തരം "അനർത്ഥങ്ങൾ "!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.