പുഴയിലൂടെ ഒഴുകിപ്പോകുന്ന പശുക്കൾ; ഏത് പുഴ? യാഥാർഥ്യം ഇതാണ്
text_fieldsസംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് പ്രളയസമാന സാഹചര്യം നിലനിൽക്കുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും തകർക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ പ്രളയ ദൃശ്യങ്ങളും മറ്റ് സംസ്ഥാനങ്ങളിലെ ഉൾപ്പെടെ ദൃശ്യങ്ങളും കേരളത്തിൽ സംഭവിച്ചതാണെന്ന അടിക്കുറിപ്പോടെയാണ് ചിലർ പ്രചരിക്കുന്നത്.
ഇന്ന് വ്യാപകമായി പ്രചരിച്ച ദൃശ്യമാണ് കനത്ത കുത്തൊഴുക്കിൽ പുഴയിലൂടെ ഒഴുകിപ്പോകുന്ന പശുക്കളുടെ ദൃശ്യം. പലയിടത്തും പല പുഴകളുടെ പേരിലാണ് ഈ ദൃശ്യം പങ്കുവെക്കപ്പെട്ടത്. വയനാട് മേപ്പാടിയിൽ ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈയിലെ ഫാമിലെ പശുക്കൾ ഒഴുകിപ്പോകുന്നതായാണ് വ്യാപകമായി പ്രചരിച്ചത്.
എന്നാൽ, മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടെങ്കിലും ഈ ദൃശ്യങ്ങൾ അവിടെ നിന്നുള്ളതല്ല. കേരളത്തിൽ മറ്റൊരിടത്തും ഇത്തരത്തിൽ പശുക്കൾ കൂട്ടത്തോടെ പുഴയിൽ ഒഴുകിപ്പോയതായി റിപ്പോർട്ട് ചെയ്തിട്ടുമില്ല.
നിലവിൽ പ്രചരിക്കുന്ന വിഡിയോ യൂട്യൂബിൽ നേരത്തെയുള്ള വിഡിയോ ആണ്. ഒരാഴ്ച മുമ്പ് തന്നെ വിവിധ ചാനലുകൾ വിഡിയോ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ പ്രളയത്തെ തുടർന്ന് യാങ്ടിസീ നദിയിലൂടെ പശുക്കൾ ഒഴുകിപ്പോകുന്നുവെന്ന അടിക്കുറിപ്പോടെയാണ് വിഡിയോ.
എന്തായാലും കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്നുള്ള വിഡിയോ അല്ല ഇതെന്ന് വ്യക്തം. വ്യാജ പ്രചാരണങ്ങൾ ആശങ്ക വർധിപ്പിക്കുക ലക്ഷ്യമിട്ടുള്ളതായതിനാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന് മുമ്പ് ശരിയാണെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ കഴിഞ്ഞ പ്രളയകാലത്ത് തന്നെ പൊലീസ് കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.