ബി.ജെ.പി വിട്ട രാമസിംഹനോട് പൈസ തിരിച്ച് ചോദിച്ച് അണികൾ
text_fieldsതിരുവനന്തപുരം: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബി.ജെ.പിയില്‍നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചതിനുപിന്നാലെ പൊങ്കാലയിട്ട് അണികൾ. ഫേസ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതായി രാമസിംഹന്‍ വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തിന്‍റെ പകർപ്പും കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പണ്ട് കുമ്മനം രാജശേഖരന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ച് മൊട്ടയടിച്ച താന്‍ ഇനി ആര്‍ക്കു വേണ്ടിയും മൊട്ടയടിക്കില്ലെന്നും തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് രാമസിംഹന്‍ പറഞ്ഞു.
പോസ്റ്റ് പുറത്തുവന്നതോടെ ബി.ജെ.പി അണികൾ കുട്ടത്തോടെ രാമസിംഹനെ ആക്രമിക്കുകയായിരുന്നു. നേരത്തേ ക്രൗഡ് ഫണ്ടിങ്ങിലൂടെ സിനിമ നിർമിച്ച രാമസിംഹനോട് അന്ന് നൽകിയ പണം തിരിച്ച് ചോദിക്കുന്നവരും ഉണ്ട്. ‘താങ്കളുടെ സിനിമയ്ക്ക് വേണ്ടി 500 രൂപ അയച്ചു തന്നിരുന്നു. ബി.ജെ.പി ബന്ധം വിട്ട സ്ഥിതിക്ക്, പടം വിജയിച്ച സ്ഥിതിക്ക് അതൊന്നു തിരിച്ചു അയച്ചു തരാമോ’എന്നാണ് ഒരാൾ ചോദിച്ചത്.
തന്റെ സിനിമക്ക് വേണ്ട പ്രചാരണമോ പിന്തുണയോ ബി.ജെ.പി നൽകിയില്ല എന്ന് പറഞ്ഞാണ് രാമസിംഹൻ പാർട്ടിവിട്ടത്. ഇതിനെ പരിഹസിക്കുന്നവരും ഉണ്ട്. ‘ബിജെപിയെ പിന്തുണയ്ക്കുന്ന എല്ലാവരുടെയും സിനിമ സംസ്ഥാന പ്രസിഡണ്ട് പോയി കാണണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ’,‘നരേന്ദ്ര മോദിയും കണ്ട് കാണില്ല നിങ്ങളുടെ സിനിമ’എന്നും ചിലർ കുറിച്ചു. ‘സിനിമ കാണാൻ ക്ഷണിച്ചിരുന്നോ ? അതും ഒരു മര്യാദയല്ലെ. Give respect & Take respect’മറ്റൊരാൾ കുറിക്കുന്നു.
പുറത്തുപോയതിനുപിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയും രാമസിംഹൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.